
പുലിമുരുകൻ നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടം. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള തന്റെ സിനിമാ ജീവിതത്തിൽ തനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകനെന്നും ആ ചിത്രത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു ചിലർ പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി.
കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. സിനിമയെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചരണങ്ങളും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ടോമിച്ചൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ.
എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും, എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..
അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ. അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് പുലിമുരുകന് വേണ്ടി നിര്‍മ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീര്‍ന്നിട്ടില്ലെന്നും സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച് കണക്ക് നിരത്തുന്നത് ആരാണോ, അവരുടെ ലാഭനഷ്ടങ്ങള്‍ക്ക് അനുസരിച്ച് കണക്ക് മാറ്റിക്കാണിക്കുമെന്നും പറഞ്ഞ് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിന്‍ തച്ചങ്കരി രംഗത്തെത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
Content Highlights: tomichan mulakupadam response to Pulimurugan controversy