
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് തുടരുകയാണ്. സിനിമയിലെ 16 -ാം ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സച്ചിൻ ഖേദേക്കർ അവതരിപ്പിക്കുന്ന പി കെ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് എമ്പുരാൻ ടീം പുറത്തുവിട്ടിരിക്കുന്നത്. ലൂസിഫർ എന്ന സിനിമയിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു പി കെ രാംദാസ് എന്ന പികെആർ.
ലൂസിഫർ എന്ന സിനിമയിൽ തനിക്ക് ലഭിച്ചത് ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു എന്ന് സച്ചിൻ ഖേദേക്കർ ഓർമ്മിക്കുന്നു. യാത്രകൾക്കിടയിലും ഭക്ഷണം കഴിക്കുന്ന വേളകളിലും മലയാളികൾ തന്നെ പികെആർ എന്ന് അഭിസംബോധന ചെയ്യാറുണ്ട്. രണ്ടാം ഭാഗത്തിൽ ആദ്യഭാഗത്തേക്കാളും സ്ക്രീൻ ടൈം കുറവാണ്. എന്നാൽ പികെആറിന്റെ സാന്നിധ്യം സിനിമയിൽ ഉടനീളമുണ്ടാകും. അതുപോലെ ലാൽ സാറിനൊപ്പം സിനിമയിലെ നിർണായക നിമിഷങ്ങളിലേക്ക് നയിക്കുന്ന രംഗങ്ങളിലുമുണ്ടെന്ന് നടൻ പറഞ്ഞു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan movie PK Ramdas character poster out