
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നടൻ ജയ്സ് ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കെജിഎഫ് വന്നപ്പോൾ കന്നഡ സിനിമയ്ക്കുണ്ടായ മാറ്റം എമ്പുരാൻ റിലീസിന് ശേഷം മലയാളം ഇൻഡസ്ട്രിയിലുമുണ്ടാകുമെന്നാണ് ജയ്സ് ജോസ് പറയുന്നത്.
'അതിഗംഭീരം സിനിമയായിരിക്കും. മലയാള സിനിമയെ വേറെയൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന സിനിമയായിരിക്കും എമ്പുരാൻ. കെജിഎഫ് ഒക്കെ വന്നപ്പോൾ കന്നഡയിൽ ഉണ്ടായ മാറ്റം പോലെ, മലയാള സിനിമ വേറെ ലെവലിലേക്ക് മാറ്റുന്ന പടം ആകും. പൃഥ്വിരാജിന്റെ സംവിധാനം ഗംഭീരമാണ്. മുരളി ഗോപിയെ പോലൊരു തിരക്കഥാകൃത്ത് എഴുതിയത് പൃഥ്വിരാജിനെ പോലൊരു സംവിധായകൻ ദൃശ്യവത്കരിക്കുമ്പോൾ കിട്ടുന്ന ഇംപാക്ട് നിസ്സാരമാകില്ല,' എന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയ്സ് ജോസ് അഭിപ്രായപ്പെട്ടു.
ലൂസിഫറിലും എമ്പുരാനിലും സേവ്യർ എന്ന കഥാപാത്രത്തെയാണ് ജയ്സ് ജോസ് അവതരിപ്പിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയ്‌ക്കൊപ്പമുള്ള കഥാപാത്രമാണ് സേവ്യർ.
അതേസമയം 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Jaise Jose talks about Empuraan movie