കാത്തിരിപ്പിന് കൊതിയേറ്റി 'തുടരും', പാട്ടെത്തും മുൻപേ പുത്തൻ പോസ്റ്റർ

ചിത്രത്തിൽ എം ജി ശ്രീകുമാർ പാടുന്ന 'കണ്മണി പൂവേ' എന്ന പാട്ടിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

dot image

മോഹൻലാലും ശോഭനയും വർഷങ്ങൾക്കിപ്പുറം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു, നാളുകൾക്ക് ഇപ്പുറം മോഹൻലാലിന്റെ ഒരു റിയലിസ്റ്റിക് കഥാപാത്രം വരുന്നു, എന്നിങ്ങനെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ ഏറെയാണ്. അതിനാൽ തന്നെ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റുകളെല്ലാം ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ മറ്റൊരു പോസ്റ്റർ കൂടെ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മോഹന്‍ലാലിന്‍റെയും ശോഭനയുടെയും കഥാപാത്രങ്ങള്‍ കുടുംബത്തിനൊപ്പം ഇരിയ്ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മക്കളോടൊപ്പം ചക്ക മുറിച്ചെടുക്കുന്ന മോഹന്‍ലാലിനെ ഈ പോസ്റ്ററില്‍ കാണാം. എം ജി ശ്രീകുമാർ 'കണ്മണി പൂവേ' എന്ന പാട്ടിന്റെ പോസ്റ്റർ ആണിത്. പാട്ട് ഫെബ്രുവരി 21 ന് പുറത്തുവിടും.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. നേരത്തെ പാട്ടിന്‍റെ ചില വരികളുമായി പ്രൊമോ വീഡിയോ എത്തിയിരുന്നു. മോഹന്‍ലാലും എംജി ശ്രീകുമാറും ഒന്നിച്ചെത്തിയ ഈ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content Highlights: Mohanlal movie thudarum new poster

dot image
To advertise here,contact us
dot image