
മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു വാഴൈ. തന്റെ 15 വർഷത്തെ സിനിമാ കരിയറിൽ ഇതുപോലൊരു ചിത്രം ഉണ്ടായിട്ടില്ലെന്ന് നിഖില വിമൽ. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാരി സെല്‍വരാജിന്റെ പാറ്റേണ്‍ എങ്ങനെയാണെന്ന് അറിയില്ലായിരുന്നെന്നും ഒരുപാട് കാര്യങ്ങള്‍ ആ സെറ്റില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സിനിമയിലെത്തിയിട്ട് ഏതാണ്ട് 15 വര്‍ഷമായി. പക്ഷേ, വാഴൈ പോലൊരു സിനിമ ഇത്രയും കാലത്തിനിടക്ക് ചെയ്തിട്ടില്ല. എല്ലാം കൊണ്ടും വ്യത്യസ്തമായ അനുഭവമായിരുന്നു ആ സിനിമയുടെ സെറ്റ്. മാരി സെല്‍വരാജ് എന്ന ഡയറക്ടറെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാറ്റേണ്‍ എങ്ങനെയാണെന്ന് യാതൊരു ഐഡിയയുമില്ലായിരുന്നു. ആ പടത്തില്‍ മെയിന്‍ റോള്‍ ചെയ്തത് രണ്ട് കുട്ടികളായിരുന്നു.
അവര്‍ക്കാണെങ്കില്‍ ഷോട്ട് ഡിവിഷന്‍ എന്താണെന്നൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് അവരുടെ ക്ലോസപ്പ് ഷോട്ട് ഏതെങ്കിലും എടുക്കണമെങ്കില്‍ ആ സീന്‍ മുഴുവന്‍ ആദ്യം മുതലേ എടുക്കണമായിരുന്നു. ഓരോ സീന്‍ ചെയ്ത് കഴിയുമ്പോഴേക്കും എക്‌സ്‌ഹോസ്റ്റഡാകും. സിനിമക്ക് നല്ല സ്വീകാര്യത കിട്ടിയതും എന്റെ ക്യാരക്ടറിനെപ്പറ്റി ആളുകള്‍ സംസാരിച്ചതും കണ്ടപ്പോള്‍ സന്തോഷം തോന്നി,’ നിഖില വിമല്‍ പറഞ്ഞു.
തമിഴ്നാട്ടിൽ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു വാഴൈ. ചിത്രം ബോക്സോഫീസിലും ഗംഭീര കളക്ഷനാണ് നേടിയത്. നിഖില വിമലിന് പുറമെ ലൈയരശൻ, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബാല, സുധ കൊങ്കര, റാം, മിഷ്കിൻ തുടങ്ങിയ പ്രശസ്ത തമിഴ് സംവിധായകർ 'വാഴൈ' എന്ന ചിത്രത്തെ പ്രശംസിച്ചിരുന്നു.
Content Highlights: Nikhila Vimal talks about Vazhai movie