
എൻജിനീയറിങ് സമയത്തുള്ള തന്റെ പരീക്ഷ പേപ്പർ പങ്കുവച്ച് നടൻ പ്രദീപ് രംഗനാഥൻ. പ്രദീപ് നായകനായെത്തുന്ന പുതിയ സിനിമ ‘ഡ്രാഗന്റെ’ റിലീസിനോടനുബന്ധിച്ചാണ് സ്വന്തം പരീക്ഷ പേപ്പർ പ്രേക്ഷകരുമായി പങ്കുവച്ചത്. ഉത്തരങ്ങൾക്കു പകരം ബന്ധമില്ലാത്ത കാര്യങ്ങൾ എഴുതി വച്ചിരിക്കുന്നതിന് അധ്യാപകന്റെ മറുപടിയും പേപ്പറിൽ കാണാം. ‘പ്രിയപ്പെട്ട പ്രദീപ്, ദയവ് ചെയ്ത് കഥകൾ എഴുതി വയ്ക്കരുത്’ എന്നായിരുന്നു അധ്യാപകന്റെ കമന്റ്. അൻപതിൽ പതിനൊന്ന് മാർക്ക് ആണ് പ്രദീപിന് പരീക്ഷയ്ക്ക് ലഭിച്ചത്.
‘പരീക്ഷയ്ക്ക് കഥകൾ എഴുതരുതെന്ന് അധ്യാപകൻ പറഞ്ഞു. പക്ഷേ ഞാന്‍ അതെന്റെ പ്രഫഷനാക്കി മാറ്റി’, എന്നാണ് പരീക്ഷ പേപ്പർ പങ്കുവെച്ചുകൊണ്ട് പ്രദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് യൂണിറ്റ് ടെസ്റ്റിന്റെ പരീക്ഷ പേപ്പറാണെന്നും പ്രധാന പരീക്ഷകളിൽ നന്നായി പഠിച്ചാണ് എഴുതാറുള്ളതെന്നും പ്രദീപ് പറയുന്നുണ്ട്. സൂപ്പർഹിറ്റ് ചിത്രമായ ലവ് ടുഡേയ്ക്കു ശേഷം പ്രദീപ് നായകനായെത്തുന്ന ചിത്രമാണ് ഡ്രാഗൺ. ഉഴപ്പനായ ഒരു എൻജിനീയറിങ് വിദ്യാർഥിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഓ മൈ കടവുളേക്ക് ശേഷം അശ്വത് ഒരുക്കുന്ന സിനിമയാണ് ഡ്രാഗൺ. ഫെബ്രുവരി 21 ന് ചിത്രം തിയേറ്ററിലെത്തും. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമയെത്തുന്നത് എന്നാണ് ഇതുവരെ വന്ന സിനിമയുടെ പ്രൊമോയിൽ നിന്ന് മനസിലാകുന്നത്. സിനിമയിലേതായി പുറത്തുവന്ന ഗാനങ്ങൾക്കെല്ലാം നല്ല റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കയതു ലോഹർ, അനുപമ പരമേശ്വരൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.
Content Highlights: Pradeep Ranganadhan shares his exam paper