
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളാണ് ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിനുള്ളിൽ സംഭവിക്കുന്നത്.
ഗുജറാത്തിലെ ബറൂച്ച് എന്ന സ്ഥലത്തിലെ ഒരു തിയേറ്ററിൽ ഛാവ കണ്ടുകൊണ്ടിരുന്ന ഒരു പ്രേക്ഷകൻ സ്ക്രീൻ വലിച്ച് കീറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബറൂച്ചിലെ ആർ കെ സിനിമാസിലാണ് സംഭവം അരങ്ങേറിയത്. ചിത്രം കണ്ടുകൊണ്ടിരിക്കെ ജയേഷ് വാസവ എന്നയാൾ സ്ക്രീനിന് മുന്നിലെ പോഡിയത്തിലേക്ക് വലിഞ്ഞു കേറുകയും അഗ്നിശമന ഉപകരണം ഉപയോഗിച്ച് സ്ക്രീൻ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ അക്ഷയ് ഖന്ന അവതരിപ്പിച്ച ഔറംഗസേബ് വിക്കിയുടെ സാംബാജി എന്ന കഥാപാത്രത്തിനെ ക്രൂരമായി ഉപദ്രവിക്കുന്ന രംഗങ്ങൾ കണ്ട് ഔറംഗസേബിനെ ആക്രമിക്കാൻ ആയിട്ടാണ് ജയേഷ് സ്ക്രീൻ വലിച്ചുകീറിയത്. ഇയാളെ ഉടൻ പൊലീസ് എത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം സിനിമ പ്രദർശിപ്പിച്ച ഒരു തിയേറ്ററിൽ ഒരാൾ കുതിരപ്പുറത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. കൊട്ടും മേളത്തിന്റെയും അകമ്പടിയോടെ കുതിരപ്പുറത്ത് തിയേറ്ററിലെത്തിയ യുവാവ് സ്റ്റേജിൽ കയറി നിൽക്കുന്നതും ആളുകൾ അയാളെ മൊബൈലിൽ പകർത്തുന്നതും കാണാം. രസകരമായ നിരവധി കമന്റുകളാണ് ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വരുന്നത്. ഞങ്ങൾക്ക് തിയേറ്ററിൽ ചിപ്സ് പോലും കയറ്റാനാകുന്നില്ല, ഇയാൾ എങ്ങനെയാണു കുതിരയെ അകത്തു കയറ്റിയതെന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്. ആരാധകരുടെ ഇത്തരം ഭ്രാന്തുകളെ വിമർശിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. പലരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ സംബാജി മഹാരാജാവിന് അഭിവാദ്യം അർപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഠിനമായ ക്ലൈമാക്സ് കണ്ട് കണ്ണീരണിയുന്ന പ്രേക്ഷകരുടെ വീഡിയോ വൈറലാണ്.
രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇതുവരെ സിനിമയുടെ കളക്ഷൻ 165.00 കോടിയാണ്. ചിത്രം വളരെ വേഗം 200 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് ഛാവ കടക്കുന്നത്.
Content Highlights: men tore screen during Chhaava screening, video goes viral