
മലയാള സിനിമയിലെ പ്രതിസന്ധി സംബന്ധിച്ച് ഒരു സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിൽ സംവിധായകന്‍ വിനു കിരിയത്ത് നടൻ ടൊവിനോയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഹെലികോപ്റ്ററിൽ നടന്ന പ്രൊമോഷൻ രീതി സിനിമയുടെ ബജറ്റ് കൂട്ടിയെന്നും ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നുമായിരുന്നു വിനു കിരിയത്തിന്റെ പരാമർശം. ഇതിൽ പ്രതികരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് നിർമാതാവ് സന്ദീപ് സേനൻ. ടൊവിനോ ഒരിക്കലും കോസ്റ്റ് കൂട്ടാൻ ശ്രമിക്കുന്ന നടനല്ലെന്നും ‘ഹെലികോപ്റ്റർ കഥകൾ’ പോലുള്ള ഇല്ലാക്കഥകൾ പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്നും സന്ദീപ് സേനന്‍ പറഞ്ഞു. ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയുടെ പൂജാവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമ മോശം അവസ്ഥയിൽ കൂടിയാണ് പോകുന്നത് എന്നും ഇവിടെ നടന്മാരും നിർമാതാക്കളും തമ്മിലൊക്കെ വലിയ അടിയാണ് എന്നുമാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ഹെലികോപ്റ്റർ കഥ കേട്ടു. ടൊവിനോ ഒരിക്കലും കോസ്റ്റ് കൂട്ടാൻ ശ്രമിക്കുന്ന നടനല്ല എന്ന് എനിക്ക് നന്നായി അറിയാവുന്നതാണ്. 2022ൽ ഞങ്ങളുടെ ഒരു സിനിമയിൽ ടൊവിനോ അഭിനയിച്ചതാണ്. ഹെലികോപ്റ്ററിന്റെ കഥ കേട്ടപ്പോൾ ഞാൻ അന്വേഷിച്ചു എന്താണ് ഈ ഹെലികോപ്റ്ററിന്റെ സത്യാവസ്ഥ. അപ്പോൾ അറിഞ്ഞത് അതിന്റെ നിർമാതാക്കളിൽ ഒരാളായിട്ടുള്ള കോൺഫിഡന്റ് റോയിയുടെ തന്നെ ആവശ്യമായിരുന്നു അന്നത്തെ ദിവസം അങ്ങനെ പോകണം എന്നുള്ളത് എന്നാണ്. അത് വെറുതെ ടൊവിനോ എന്ന് പറയുന്ന ഒരു നടന്റെ പുറത്ത് ചാർത്തി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നുള്ള ഒരു അപേക്ഷയുണ്ട്'.
'ടൊവിനോ എന്നും നിർമാതാക്കളുടെ കൂടെ നിന്നിട്ടുള്ളതാണ്. ഇപ്പോഴും ‘ഐഡന്റിറ്റി’യുടെ നിർമാതാവിന്റെ കൂടെ തന്നെയാണ് അദ്ദേഹം നിൽക്കുന്നത്. അദ്ദേഹത്തെ ചേർത്ത് പിടിച്ചാണ് നിൽക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കും, ഈ പറയുന്ന പോലെ ചേട്ടനും അനിയനും തമ്മിൽ പ്രശ്നങ്ങളൊക്കെ ഉണ്ടാകും. അതൊക്കെ തീർന്നു വരും. കാരണം സിനിമ അതിനതീതമാണ്. സിനിമ എന്ന് പറയുന്ന ഈ കലയോടുള്ള അമിതമായിട്ടുള്ള ഇഷ്ടവും പാഷനും കൊണ്ടാണ് ഞങ്ങളെല്ലാം സിനിമയ്ക്കകത്ത് നിൽക്കുന്നത്. സിനിമ മുന്നോട്ടു പോകണം. പിക്ചർ അഭി ബാക്കി ഹേ', സന്ദീപ് സേനൻ പറഞ്ഞു.
ടൊവിനോയ്ക്ക് പിന്തുണയുമായി ഐഡന്റിറ്റിയുടെ നിർമാതാവ് രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് അധികരിച്ച് പ്രതിസന്ധി ഘട്ടത്തിലെത്തിയപ്പോൾ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിനെ പങ്കാളികളാക്കി റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയ വ്യക്തിയാണ് ടൊവിനോ. സിനിമയ്ക്കായി അദ്ദേഹം ചെറിയൊരു തുക മാത്രമാണ് പ്രതിഫലമായി വാങ്ങിയത്. ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാൻ ടൊവിനോ തയ്യാറായിട്ടുണ്ട് എന്നും നിർമാതാവ് വ്യക്തമാക്കി. കൂടാതെ ചിത്രം പൂർത്തിയായതിനുശേഷം കരാർ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിൻമാറിയപ്പോൾ ധൈര്യപൂർവ്വം മുൻപോട്ട് വന്ന് ശ്രീ ഗോകുലം മൂവീസിന്‍റെ ഡ്രീം ബിഗ് വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടു വന്ന് ഈ ചിത്രത്തിന്‍റെ വിതരണഘട്ടത്തിലും സഹായിച്ചത് മറ്റാരുമല്ല ടൊവിനോ എന്ന നടൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sandip Senan comes in support for Tovino thomas