
റിപ്പോർട്ടർ ചാനൽ നടത്തിയ 'ഒരു പൈങ്കിളി Meet Up' എന്ന പരിപാടിയിലേക്ക് എത്തിയ കുട്ടി ആരാധകന്റെ ചോദ്യത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി നൽകി നടി അനശ്വര. സ്‌കൂൾകാലത്ത് പൈങ്കിളി പ്രേമമുണ്ടായിരുന്നോ എന്നായിരുന്നു അഞ്ചാം ക്ലാസുകാരനായ ക്രിസ്റ്റി അനശ്വരയോട് ചോദിച്ചത്.
ഒരു പൈങ്കിളി പ്രേമമൊക്കെ ഉണ്ടായിരുന്നു എന്നായിരുന്നു ഇതിന് ചിരിച്ചുകൊണ്ട് അനശ്വരയുടെ മറുപടി. 'ഒന്നൊക്കെ ഉണ്ടായിരുന്നു. അതുപിന്നെ വീട്ടിൽ പിടിച്ചപ്പോ നിർത്തി. ചില സാങ്കേതികകാരണങ്ങളാൽ എന്റെ അമ്മ അവിടെ ഇരിക്കുന്നതുകൊണ്ട് ബാക്കി ഞാൻ പുറത്തുപറയുന്നില്ല. അമ്മ അവിടെ ഇരുന്ന പറയല്ലേ എന്ന് പറയുന്നുമുണ്ട്,' അനശ്വര പറഞ്ഞു.
പൈങ്കിളി സിനിമയുടെ റിലീസിനോടനുബന്ധിച്ച് റിപ്പോർട്ടർ ചാനൽ നടത്തിയ റീൽ കോൺടെസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു പൈങ്കിളി സിനിമാടീമുമായുള്ള മീറ്റ് അപ്പിലേക്ക് എത്തിയത്. സിനിമാവിശേഷങ്ങളും റീൽ ഒരുക്കിയ കഥകളും പങ്കുവെച്ച് മുന്നേറിയ പരിപാടിക്കിടെ ക്രിസ്റ്റി ചോദിച്ച ചോദ്യവും അനശ്വരയുടെ മറുപടിയും ചിരി പടർത്തുകയായിരുന്നു.
അതേസമയം, ഫെബ്രുവരി 14 പ്രണയദിനത്തിലാണ് അനശ്വര രാജനും സജിൻ ഗോപുവും പ്രധാനവേഷങ്ങളിലെത്തിയ പൈങ്കിളി എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് ബാബുവാണ്.
Content Highlights: Anaswara Rajan about her school time love story