666 നമ്പറുമായി സ്റ്റീഫൻ, ഖുറേഷിയുടെ നമ്പർ 999; സോഷ്യൽ മീഡിയയിൽ അടിമുടി ചർച്ചയായി 'എമ്പുരാൻ'

നിരവധി ബ്രില്യൻസുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

dot image

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പതിവ് തെറ്റിക്കാതെ സിനിമയുടെ പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹെലികോപ്ടറില്‍ ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട് ഫിറ്റില്‍, ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലായത്.

ഈ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് ഖുറേഷി അബ്‌റാമിലേക്ക് മാറുമ്പോൾ കഥാപാത്രത്തിന് പൃഥ്വിരാജ് നൽകിയിരിക്കുന്ന വ്യത്യാസങ്ങളെ ചൂണ്ടികാട്ടുകയാണ് സോഷ്യൽ മീഡിയ. ലൂസിഫർ എന്ന സിനിമയുടെ ആദ്യ പോസ്റ്ററുകളിൽ ഒന്നിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി ഒരു ജീപ്പിൽ ഇരിക്കുന്നതായി കാണാം. ആ പോസ്റ്ററിൽ വെള്ള വസ്ത്രം ധരിച്ച് സ്റ്റീഫൻ ജീപ്പിൽ ഇരിക്കുമ്പോൾ എമ്പുരാന്റെ പുതിയ പോസ്റ്ററിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളിൽ ഹെലികോപ്ടറിലാണ് ഖുറേഷി ഇരിക്കുന്നത്. ഇതിന് പുറമെ എമ്പുരാന്റെ ടീസറിൽ K 999 നമ്പർ പ്ലേറ്റുള്ള വാഹനം കാണിക്കുന്നുണ്ട്. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റാകട്ടെ KLT 666 എന്നാണ്. ഇങ്ങനെ നിരവധി ബ്രില്യൻസുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണ് എമ്പുരാനെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Empuraan poster viral in social media

dot image
To advertise here,contact us
dot image