
ജഗദീഷ് എന്ന അഭിനേതാവിന്റെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു മാർക്കോയിലെ ടോണി ഐസക്ക്. ക്രൂരനായ വില്ലൻ കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. ഏറെ പ്രശംസ കിട്ടിയ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ജഗദീഷ് ഇപ്പോൾ. തന്നെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മാർക്കോയിലെ ടോണി ഐസക്ക്. ഇമോഷണൽ ആയൊരു വ്യക്തിയാണ് താൻ. അതിനാൽ തന്നെ ഫാലിമിയിലെ ചന്ദ്രൻ എന്ന കഥാപാത്രത്തേക്കാൾ ടോണി ഐസക്കായിരുന്നു വെല്ലുവിളി ഉണർത്തിയതെന്ന് ജഗദീഷ് പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.
'ഞാൻ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണ്. പാട്ട് കേട്ടാൽ കരയുന്നയാളാണ്. വാർത്തകളിലെ ഇമോഷൻസ് കണ്ട് കരയുന്നയാളാണ്. എന്റെ കണ്ണ് നിറയും. അത്രത്തോളം ഇമോഷണലായിട്ടുള്ള ഒരാൾ ഒരു ക്രൂരമായ കഥാപാത്രം ചെയ്യുന്നതിലെ മാറ്റമാണ് ഞാൻ ഏറ്റെടുക്കുന്ന ചാലഞ്ച്. അടിസ്ഥാനപരമായി ഒരു ഇമോഷൻ കഥാപാത്രം ചെയ്യുന്നതിൽ എനിക്ക് വലിയ ബുദ്ധിമുട്ടില്ല. ഞാൻ ഏറെ ഇമോഷൻസിലൂടെ പോയിട്ടുള്ള വ്യക്തിയാണ്. ദാരിദ്ര്യമൊക്കെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. അതൊക്കെ എനിക്ക് അറിയാം. എനിക്ക് അറിയാത്തത് ഈ വില്ലനിസമാണ്,'
'ടോണി ഐസക്കിനെ പോലൊരു കഥാപാത്രത്തെ ഞാൻ ജീവിതത്തതിൽ കണ്ടിട്ടില്ല. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴാണ് നമ്മളിലെ അഭിനേതാവിന്റെ ഒരു വെല്ലുവിളി വരുന്നത്, ഫാലിമിയിലെ അച്ഛനെ അവതരിപ്പിക്കാൻ അത്രത്തോളം വെല്ലുവിളിയില്ല. ഞാൻ കണ്ടിട്ടുള്ള നിരവധിപ്പേരെ കൂട്ടിച്ചേർത്താൽ എനിക്ക് ചന്ദ്രനെ കിട്ടും. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ചുറ്റുമുള്ള സമൂഹം സ്വാധീനിക്കാറുണ്ട്,' എന്ന് ജഗദീഷ് പറഞ്ഞു.
Content Highlights: Jagadish talks about Tony Isaac in Marco movie