
മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'കണ്മണി പൂവേ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. എം ജി ശ്രീകുമാറാണ് ഗാനം പാടിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിരിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Content Highlights: Mohanlal and Shobana movie Thudarum first song out