ഖുറേഷിയും ഷൺമുഖവും മാറിനിൽക്കുമല്ലോ!!;MMMN ദൽഹി സെറ്റിൽ ജോയിൻ ചെയ്ത് മോഹൻലാൽ, പുത്തൻ ലുക്ക് വൈറൽ

മമ്മൂട്ടിക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

dot image

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ട് ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാലും ഇപ്പോള്‍ ദല്‍ഹിയിലെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.

പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹെയര്‍സ്റ്റൈലില്‍ ട്രിം ചെയ്ത ലുക്കിലുള്ള മോഹന്‍ലാലിനെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാം. മമ്മൂട്ടിക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

നേരത്തെ മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അഭിനയിത്തില്‍ മാത്രമല്ല, ലുക്കിലും ഇരുവരും തമ്മിലുള്ള മത്സരം ചിത്രത്തില്‍ കാണാമെന്നാണ് ആരാധകരുടെ കമന്റുകള്‍. എമ്പുരാനിലെ ഖുറേഷി അബ്രാമിന്റെയും തുടരുമിലെ ഷണ്‍മുഖത്തിന്റെയും ലുക്കില്‍ നിന്നും വ്യത്യസ്തമാണല്ലോ പുതിയ ലുക്ക് എന്നും കമന്റുകളിലുണ്ട്.

ചിത്രം 100 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നും കെജിഎഫും കാന്താരയും കന്നഡ സിനിമയുടെ മുഖം മാറ്റിയത് പോലെ മലയാളം ഇന്‍ഡസ്ട്രിയുടെ മാര്‍ക്കറ്റ് കൂടുതല്‍ വിപുലമാക്കാന്‍ എമ്പുരാനും മഹേഷ് നാരായണന്‍ ചിത്രത്തിനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവ് ആന്റോ ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയര്‍, റോക്കി ഔര്‍ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ഡല്‍ഹി ഷെഡ്യൂള്‍ ഫെബ്രുവരി 23ന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി വി സാരഥിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങി വലിയ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

Content Highlights: Mohanlal in MMMN - new look from Delhi location goes viral

dot image
To advertise here,contact us
dot image