
തെലുങ്ക് സിനിമയിൽ വ്യക്തമായ ഫാൻബേസുള്ള താരമാണ് ചിരഞ്ജീവി. 'മെഗാസ്റ്റാർ' എന്നാണ് നടനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നതും. ദസറ എന്ന ചിത്രത്തിലൂടെ വരവറിയിച്ച ശ്രീകാന്ത് ഒഡേലക്കൊപ്പമാണ് ചിരഞ്ജീവിയുടെ അടുത്ത ചിത്രം. വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ബോളിവുഡ് നായിക റാണി മുഖർജിയും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെയാകും റാണി മുഖർജി അവതരിപ്പിക്കുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 25 വർഷങ്ങൾക്ക് ശേഷമാണ് റാണി മുഖർജി ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. 2000 തിൽ റിലീസ് ചെയ്ത കമൽഹാസൻ ചിത്രത്തിലായിരുന്നു നടി മുമ്പ് ഭാഗമായത്.
ആക്ഷനും പ്രാധാന്യമുള്ള പിരീഡ് ഡ്രാമയായിരിക്കും ശ്രീകാന്ത് ഒഡേല-ചിരഞ്‍ജീവി ചിത്രം. എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുറി നിർമിക്കുന്ന ഈ സിനിമ യുനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക് താരം നാനിയാണ് അവതരിപ്പിക്കുന്നത്. നാനി നായകനാകുന്ന 'ദി പാരഡൈസ്' എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയതിന് ശേഷം, ശ്രീകാന്ത് ഒഡേല ഈ ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.
'ഭോലാ ശങ്കര്‍' എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തമിഴിൽ വലിയ ഹിറ്റായ അജിത് ചിത്രം വേതാളത്തിന്റെ റീമേക്കാണിത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്തത്. തമന്ന, കീർത്തി സുരേഷ് എന്നിവരായിരുന്നു സിനിമയിലെ നായികമാർ. മഹതി സ്വര സാഗറായിരുന്നു സംഗീതം നിർവഹിച്ചത്.
Content Highlights: Rani Mukerji to join hands with Megastar Chiranjeevi for upcoming project