
ഒരു ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാറുന്ന കാലത്തിന്‍റെ കഥ പറഞ്ഞിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകള്‍തോറും മികച്ച പ്രതികരണം. ബുക്ക് മൈ ഷോയിൽ 9.6 റേറ്റിംഗുമായി ട്രെൻഡിംഗിലേക്ക് കുതിക്കുകയാണ് ചിത്രം. കുടുംബപ്രേക്ഷകരിൽ നിന്നുള്‍പ്പെടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗംഭീര വരവേൽപ്പാണ്.
'കിളിപോയി', 'കോഹിന്നൂർ' സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു തരിപോലും ലാഗില്ലാതെ സാധാരണക്കാർക്കുവരെ മനസ്സിലാകുന്ന ഭാഷയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺതരിയിൽ നിന്ന് തുടങ്ങി അയാള്‍ നഗരത്തിലെ ശ്രദ്ധേയനായ മെയിൽ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൗഡ് കിച്ചൻ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കളിചിരികളും കുസൃതിതരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലും ഏറെ മികച്ച രീതിയിൽ ഉണ്ണിയും നിഖിലയും മികച്ചുനിൽക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.
അതോടൊപ്പം തന്നെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.
അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Unni Mukundan movie Get Set Baby getting good response