
ഭാവനയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സൗഹൃദത്തെക്കുറിച്ചും ഭാവനയോടുള്ള ബഹുമാനത്തെക്കുറിച്ചും മഞ്ജു സംസാരിച്ചത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സുഹൃത്ത് എന്നാണ് ഭാവനയെ മഞ്ജു വിശേഷിപ്പിച്ചത്.
'സ്ത്രീകള്‍ ജീവിതത്തില്‍ വിജയിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഇന്ന് ഇവിടെ കൂടിയിരിക്കുന്നതും ഭൂരിഭാഗം സ്ത്രീകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേര്‍ത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി ഭാവനയുടെ കൂടെയാണ് ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും ഇന്‍സ്പിരേഷന്‍ ആയിട്ടുള്ള, പല കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുള്ള മനോഹരിയായ സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും ആരാധനയും ഉള്ള കുട്ടിയാണ്. ഭാവനയുടെ കൂടെ ഈ വേദിയില്‍ നില്‍ക്കാന്‍ സാധിച്ചതിലും എനിക്ക് ഭയങ്കര സന്തോഷമുണ്ട്,' മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജു വാര്യരുടെ വാക്കുകൾക്ക് പിന്നാലെ നടിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് ഭാവനയും മനസ്സ് തുറന്നു. ''മഞ്ജു ചേച്ചിയുടെ കൂടെ ഇത്തരത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് ആദ്യമാണ്. വളരെ സ്‌പെഷ്യലാണ് എനിക്ക്. സ്‌കൂളിൽ പഠിക്കുന്ന സമയം മുതൽ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാൻ ആണ് ഞാൻ. അത് കഴിഞ്ഞ് ഒരുപാട് അടുത്തു, നല്ല സുഹൃത്തുക്കളായി. ഇത്രയും കാലത്തിനിടയില്‍ ഒരുമിച്ച് ഒരു ഇവന്റിന് എത്തുന്നത് ആദ്യമാണ്,'' ഭാവന പറഞ്ഞു.
Content Highlights: Manju Warrier talks about Bhavana