
മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ നൂറു ശതമാനവും ഹിറ്റാകുമെന്ന് പറയുകയാണ് ഗായകൻ എം ജി ശ്രീകുമാർ. താൻ സിനിമ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ ആരാധകന് വേണ്ടതെല്ലാം സിനിമയിൽ ഒരുക്കിയിട്ടുണ്ടെന്നും എം ജി ശ്രീകുമാർ പറഞ്ഞു. എം ജി യുടെ തന്നെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
'ഞാൻ പാടുമ്പോൾ മോഹൻലാൽ ലിപ് കൊടുക്കുന്ന പാട്ടുകളാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. 'തുടരും' സിനിമയിലെ കണ്മണി പൂവേ എന്ന പാട്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടു. ഇപ്പോൾ എല്ലാവരും ചോദിക്കാറുണ്ട് ശ്രീകുമാർ സിനിമയിൽ പാടുന്നില്ലേ എന്ന്. പാടുന്നുണ്ട് എന്ന് പറയുമ്പോൾ ഞങ്ങൾ കേൾക്കുന്നില്ലലോ എന്ന് പറയും. ഇപ്പോൾ സിനിമയിൽ പാട്ടൊരു മുഖ്യ ഘടകം ഒന്നും അല്ല. തുടരും സിനിമയിലെ ആ ഗാനം ഇപ്പോൾ തന്നെ 7 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടു. ലാലിന് ആ പാട്ട് ഒരുപാട് ഇഷ്ടമായി.
പഴയ മോഹൻലാലിനെ കാണാനായി നല്ല സബ്ജെക്ട് കിട്ടി. നല്ല സിനിമയാണ്. നൂറു ശതമാനം ഹിറ്റാണ്. പടം ഞാൻ കുറേ കണ്ടു. നിങ്ങൾ ആഗ്രഹിക്കുന്ന എന്ത് വേണോ അതൊക്കെ ആ സിനിമയിൽ ഉണ്ട്. ഈ ഉത്സവ സമയത്ത് ലഭിക്കുന്ന ആവേശം കൊള്ളുന്ന ഒരു മൂന്ന് മണിക്കൂർ ആയിരിക്കും. വേൽമുരുകൻ പോലൊരു ഗാനം ഉണ്ട് അതിൽ. പ്രമോ സോങ് ആയിരുന്നു. മോഹൻലാൽ അത് കേട്ട് പറഞ്ഞു, ഞാൻ എത്ര ദിവസം വേണമെങ്കിലും അഭിനയിക്കാം എന്ന്. എറണാകുളത്ത് വരുന്ന ദിവസങ്ങളിൽ ആ പാട്ട് ഷൂട്ട് ചെയ്യുന്നുണ്ട്. ആ പാട്ട് കേട്ട് ലാൽ എന്നെ വിളിച്ചു, ഇനി ഒരു വർഷത്തേക്ക് പാടിയില്ലെങ്കിലും കുഴപ്പം ഇല്ലാലോ എന്ന് പറഞ്ഞു. സന്തോഷം ഉണ്ട്,' എം ജി ശ്രീകുമാർ പറഞ്ഞു.
അതേസമയം തുടരും റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Content Highlights: MG Sreekumar says that the thudarum movie hundred percent hit