
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ ആഗോളതലത്തിൽ വമ്പൻ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 27 ന് തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ഹിന്ദിയിൽ ഒരു വമ്പൻ ക്ലാഷ് ഉണ്ടെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദറായിരുന്നു എമ്പുരാന് ക്ലാഷായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ സൽമാൻ ചിത്രത്തിന്റെ റിലീസ് നീട്ടിയതായാണ് പുതിയ വാർത്തകൾ വരുന്നത്.
മാര്‍ച്ച് 27ല്‍ നിന്ന് 30ലേക്കാണ് സിക്കന്ദറിന്റെ റിലീസ് നീട്ടിയിരിക്കുന്നത്. ഇതോടെ വടക്കേ ഇന്ത്യൻ മാർക്കറ്റിലും എമ്പുരാന് ആദ്യ മൂന്ന് ദിവസങ്ങളിൽ ഫ്രീ റണ്‍ ലഭിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ കളക്ഷനിൽ ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
എ ആർ മുരുഗദോസ്- സൽമാൻ ഖാൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ സത്യരാജാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.
അതേസമയം വലിയ പ്രതീക്ഷയോടെയാണ് എമ്പുരാൻ റിലീസിനെത്തുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
Content highlights: Reports that Salman Khan movie Sikkander release postponed