'എനിക്ക് പ്രമോഷനുള്ള അവാർഡ് കൂടി തരണം, സീൻ മാറ്റും എന്നൊക്കെ പറഞ്ഞതല്ലേ!'; വൈറലായി സുഷിൻ ശ്യാം വീഡിയോ

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിജയാഘോഷവേളയിലെ സുഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

dot image

2024 ഫെബ്രുവരി 22 ന് റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു. ഇരുന്നൂറ് കോടിയിലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന ദിവസം സിനിമയുടെ വിജയാഘോഷം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമ റീലീസ് ചെയ്ത് ഒരു കൊല്ലം കഴിഞ്ഞിട്ട് ഈ പരിപാടി നടത്തിയ സൗബിന് ഇരിക്കട്ടെ അവാർഡ് എന്ന് സംഗീത സംവിധായകൻ സുഷിൻ ശ്യാം പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ നേടുന്നുണ്ട്.

'വലിയ സന്തോഷമുണ്ട്. ഒരു കൊല്ലം കഴിഞ്ഞിട്ട് ഈ പരിപാടി നടത്തിയ സൗബിന് ഇരിക്കട്ടെ ഈ അവാർഡ്. എനിക്ക് പ്രമോഷനുള്ള അവാർഡ് കൂടെ തരണം. കാരണം സീൻ മാറ്റും എന്നൊക്കെ പറഞ്ഞതല്ലേ.,' സുഷിന് ശ്യാം പറഞ്ഞു.

റഷ്യയിൽ നടന്ന കിനോബ്രാവോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് മ്യൂസിക്കിനുള്ള അവാർഡ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചിരുന്നു. അതിന് സുഷിനെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു അവാർഡും ചടങ്ങിൽ നൽകിയിരുന്നു. സംവിധായകൻ കമൽ ആണ് മൊമെന്റോ നൽകിയത്. റഷ്യയിൽ നടന്ന കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും കഴിഞ്ഞ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവും മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് സിനിമയുടെ റിലീസിന് മുന്നേ തന്നെ സുഷിൻ പറഞ്ഞിരുന്നു. പിന്നീട് സിനിമ ഹിറ്റായപ്പോൾ കൂടെ സുഷിൻ പറഞ്ഞതും ആരാധകർ ഏറ്റെടുത്തിരുന്നു. ഇതാണ് തനിക്ക് മറ്റൊരു പ്രമോഷൻ അവാർഡ് കൂടെ തരണമെന്ന് സുഷിൻ പറഞ്ഞതിന് ആധാരം.

പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരമാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. ചിത്രത്തിലെ അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു.

Content Highlights: Sushin Shyam says he wants Manjummal Boys promotion award

dot image
To advertise here,contact us
dot image