ചിലരുടെ പിടിവാശി മൂലമുള്ള ഒരു അനാവശ്യ സമരം; പിന്തുണയ്ക്കില്ലെന്ന് കടുപ്പിച്ച് AMMA

അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത് നടക്കുന്ന AMMA ജനറല്‍ ബോഡിക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ

dot image

നിര്‍മാതാക്കളുടെ സംഘടന ആഹ്വാനം ചെയ്യുന്ന സമരത്തോട് സഹകരിക്കില്ലെന്ന് നിലപാട് കടുപ്പിച്ച് AMMA. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശി മൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തികരംഗം മാത്രമല്ല സിനിമയെ ആശ്രയിച്ചുകഴിയുന്ന നിരവധി തൊഴിലാളികളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്നും AMMA പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നതടക്കം നിര്‍മാതാക്കളുടെ സംഘടന മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടി വേണ്ടി AMMA യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത AMMA ജനറല്‍ ബോഡിക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും യോഗം തീരുമാനിച്ചു.

AMMA വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:

'മലയാള സിനിമാ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്യുന്ന സിനിമാ പണിമുടക്കിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്ന് അമ്മ അംഗങ്ങളുടെ പ്രത്യേകയോഗം തീരുമാനമെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശി മൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തികരംഗം മാത്രമല്ല സിനിമയെ ആശ്രയിച്ചുകഴിയുന്ന നിരവധി തൊഴിലാളികളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്നും യോഗം വിലയിരുത്തി.

അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത് നടക്കുന്ന അമ്മ ജനറല്‍ ബോഡിക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും യോഗം തീരുമാനിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനകളുമായും അമ്മ സംഘടന ചര്‍ച്ചക്ക് തയ്യാറാണെന്നും യോഗത്തില്‍ തീരുമാനമായി 'അമ്മ' യിലെ അഡ്ഹോക്ക് കമ്മിറ്റി അംഗം ശ്രീ ജയന്‍ ചേര്‍ത്തലക്ക് എല്ലാവിധ നിയമസഹായവും സംഘടന വാഗ്ദാനം ചെയ്തു.

ഇന്ന് നടന്ന യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടോവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായ്കുമാര്‍, മഞ്ജു പിള്ള, ബിന്ദു പണിക്കര്‍ തുടങ്ങി അന്‍പതോളം അംഗങ്ങള്‍ പങ്കെടുത്തുവെന്നും AMMA അറിയിച്ചു.

അതേസമയം, സമരവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടന. നടന്മാര്‍ക്കെതിരെയല്ല, സര്‍ക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും പല തിയേറ്ററുകളും പോപ്‌കോണ്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് തിയേറ്ററുകള്‍ മുന്നോട്ടുപോകുന്നതെന്നും നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹി ജി സുരേഷ് കുമാര്‍ പറഞ്ഞു.

Content Highlights: AMMA against Protest by Producers Association

dot image
To advertise here,contact us
dot image