
പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ സംഭവത്തിൽ മോഹൻലാലുമായി തനിക്ക് പ്രശ്നം ഇല്ല എന്ന് പറയുകയാണ് ജി സുരേഷ് കുമാർ ഇപ്പോൾ.
'മോഹൻലാലിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്. മോഹൻലാലും ഞാനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? മോഹൻലാൽ അങ്ങനെ ചെയ്തത് എനിക്ക് വിഷയമല്ല,' എന്ന് ജി സുരേഷ് കുമാർ പറഞ്ഞു. സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതാണ് പല താരങ്ങളെയും ചൊടിപ്പിച്ചത് എന്നും വരും മാസങ്ങളിലും സിനിമകളുടെ കളക്ഷൻ പുറത്തുവിടുമെന്നും സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
തനിക്കെതിരെ പോസ്റ്റിട്ട സംഭവത്തിൽ ആന്റണി പെരുമ്പാവൂരുമായി സന്ധി സംഭാഷണത്തിനില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. ആന്റണി പെരുമ്പാവൂരിന്റേത് അച്ചടക്ക ലംഘനമാണ്. തനിക്കെതിരെ പോസ്റ്റിട്ട ആളോട് എന്തിന് സംസാരിക്കണമെന്നും സുരേഷ് കുമാർ ചോദിച്ചു.
അതേസമയം ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് കേരള ഫിലിം ചേംബർ. ആന്റണിയുടെ പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് ചേംബറിന്റെ ആവശ്യം. ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോഗത്തിൽ ആവശ്യമുയർന്നു. ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടര്‍ നടപടിയെന്നും ചേംബർ വ്യക്തമാക്കി. ആന്റണി ഏഴ് ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണം. ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
Content Highlights: G Suresh Kumar says that he have no issues with Mohanlal