
താൻ സ്വപ്നം കണ്ട ഒരു വിജയമാണ് രേഖാചിത്രത്തിൻ്റേതെന്നും ഇനി മുന്നോട്ടുള്ള സിനിമാ ജീവിതത്തിലേക്കുള്ള കോൺഫിഡൻസ് ആണ് ആ ചിത്രം നൽകിയതെന്നും നടൻ ആസിഫ് അലി. തന്റെ കരിയറിൽ ഏറ്റവും മോശം സമയത്ത് നിൽക്കുമ്പോൾ തന്നെ വിശ്വസിച്ച് ഇങ്ങനെ ഒരു കഥയും കഥാപാത്രവും തനിക്ക് തന്ന രാമുവിനും ജോണിനും ജോഫിനും നന്ദി. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ സിനിമയാണ് രേഖാചിത്രമെന്നും ചിത്രത്തിന്റെ സക്സസ് മീറ്റിൽ ആസിഫ് അലി പറഞ്ഞു.
'2025 ജനുവരിയിൽ പുറത്തിറങ്ങിയ സിനിമകളിൽ രേഖാചിത്രം മാത്രമാണ് വിജയിച്ചതെന്ന് പറയുമ്പോൾ ഞാൻ സ്വപ്നം കണ്ട ഒരു സമയമായിരുന്നു അത്. ഞാൻ അഹങ്കാരത്തോടെ ചിരിച്ച ഒരു സമയമാണത്. എന്റെ കരിയറിൽ ഞാൻ ഏറ്റവും മോശം സമയത്ത് നിൽക്കുമ്പോൾ എന്നെ വിശ്വസിച്ച് ഇങ്ങനെ ഒരു കഥയും കഥാപാത്രവും തന്ന രാമുവിനും ജോണിനും ജോഫിനും എന്റെ നന്ദി. വേണു ചേട്ടനെ സംബന്ധിച്ച് മലയാളത്തിലെ വലിയ സിനിമകളിൽ ഒന്ന് നിർമിച്ച ഒരാളാണ് അദ്ദേഹം. രേഖാചിത്രം അദ്ദേഹത്തിന് ഒരു വലിയ സിനിമ ആയിരിക്കില്ല, പക്ഷെ എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ഇനി മുന്നോട്ടുള്ള എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ കോൺഫിഡൻസ് തന്ന ഒരു സിനിമയാണ് രേഖാചിത്രം', ആസിഫ് അലി പറഞ്ഞു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് രേഖാചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറ’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’.
Content Highlights: Rekhachithram's success made me so happy says Asif Ali