'200 തവണയെങ്കിലും പറഞ്ഞു കാണും, എന്നിട്ടും അയാൾ കേട്ടില്ല'; ഫോൺ പിടിച്ചുവാങ്ങിയതിൽ ഉണ്ണി മുകുന്ദൻ

'ജീവിതത്തിൽ ഇതിലും മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുവെച്ച് നോക്കുമ്പോൾ ഇത് ചെറിയ കാര്യം മാത്രം'

dot image

ഉണ്ണി മുകുന്ദന് പിന്നാലെ ചിത്രം എടുക്കാന്‍ ഒരു യുവാവ് ഓടുന്നതിന്റെയും അയാള്‍ ചിത്രം എടുക്കുമ്പോള്‍ ഉണ്ണി ഫോണ്‍ തട്ടിപറിച്ച് പോക്കറ്റില്‍ ഇടുന്നത്തിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു സ്വകാര്യ മാളിലൂടെ നടൻ നടന്നുപോകുമ്പോഴാണ് സംഭവം നടന്നത്. ആദ്യം ദേഷ്യം വന്ന ഉണ്ണി പിന്നീട് ആ ഫോണ്‍ തിരിച്ച് കൊടുക്കുകയും ചെയ്തു. ഈ വിഷയത്തിൽ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ കമന്റിടുന്നുമുണ്ട്. ഇപ്പോൾ ആ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി.

മാളിന്റെ ലിഫ്റ്റ് മുതൽ ആ ചെറുപ്പക്കാരൻ തന്റെ ചിത്രങ്ങൾ പകർത്തികൊണ്ടിരുന്നു. പലയാവർത്തി അത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെയ്തില്ല. അപ്പോൾ സംഭവിച്ച കാര്യങ്ങൾ ആ ചെറുപ്പക്കാരന് മനസ്സിലാകും എന്നാണ് താൻ കരുതുന്നത്. ഇല്ലെങ്കിലും കുഴപ്പമില്ല. ജീവിതത്തിൽ ഇതിലും മോശപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഉണ്ണി മുകുന്ദൻ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'അങ്ങനെ ചെയ്താൽ ബുദ്ധിമുട്ട് തോന്നുമോ ഇല്ലേ? ഞാൻ എല്ലാരോടും സഹകരിക്കുന്ന ഒരാളാണ്. ഞാൻ അങ്ങനെ ബോഡിഗാർഡിനെയും കൊണ്ട് നടക്കുന്ന ആളല്ല. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ആ വ്യക്തി ഉണ്ടായിരുന്നു. ഞാൻ ഒരു 200 തവണയെങ്കിലും പറഞ്ഞിരുന്നു. അയാൾക്ക് മനസിലാകുമായിരിക്കും. ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ജീവിതത്തിൽ ഇതിലും മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുവച്ച് നോക്കുമ്പോൾ ഇത് ചെറിയ കാര്യം മാത്രം,' എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

അതേസമയം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. നടൻ ഡോ. അര്‍ജുന്‍ ബാലകൃഷ്ണനായി എത്തുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കിളി പോയി, കോഹിനൂര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഗെറ്റ്-സെറ്റ് ബേബി.

Content Highlights: Unni Mukundan comments on the mobile phone snatching incident

dot image
To advertise here,contact us
dot image