
2024 ൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായിരുന്നു. ഒരു 'ഭ്രാന്ത'നായ പ്രൊഡ്യൂസറിനെ കിട്ടിയത് കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടായതെന്ന് പറയുകയാണ് ഇപ്പോൾ ചിദംബരം. ഒരു സീന്‍ എടുക്കുമ്പോള്‍ അതിന് കുറച്ച് ചെലവാകും, അത് വേണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് എന്തായാലും വേണം’ എന്ന് പറയുന്ന ആളായിരുന്നു സൗബിനെന്നും അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ചിദംബരം പറഞ്ഞു. സിനിമയുടെ വിജയാഘോഷത്തിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
‘ഇതുപോലെ 'ഭ്രാന്തനാ'യ ഒരു പ്രൊഡ്യൂസറെ കിട്ടിയതില്‍ എനിക്ക് നന്ദിയുണ്ട്. പുള്ളി ഇല്ലായിരുന്നെങ്കില്‍ ഈ പടം ഇത്ര നന്നായി ഉണ്ടാക്കാന്‍ പറ്റില്ലായിരുന്നു. ഇപ്പോള്‍ ഒരു സീന്‍ എടുക്കുമ്പോള്‍ അതിന് കുറച്ച് ചെലവാകും, അത് വേണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് എന്തായാലും വേണം’ എന്ന് പറയുന്ന ആളായിരുന്നു സൗബിക്ക. ഷോണ്‍ ജോര്‍ജ്, സൗബിക്ക, ബാബുക്ക എന്നിവരോട് വലിയ നന്ദിയുണ്ട്.
അതുപോലെ ഈ സിനിമയിലെ മഞ്ഞുമ്മല്‍ ബോയ്‌സായി വേഷമിട്ട എല്ലാവരും എന്റെ കുടുംബത്തെപ്പോലെയാണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ആ പടത്തിലെ എഡിറ്റിങ്, ക്യാമറ, മ്യൂസിക്, പ്രൊഡക്ഷന്‍ ഡിസൈന്‍ അങ്ങനെ എല്ലാ ടീമിനോടും വലിയ നന്ദി എനിക്കുണ്ട്,’ ചിദംബരം പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 22 നാണ് മഞ്ഞുമ്മൽ ബോയ്‌സ് തിയേറ്ററുകളിലെത്തിയത്. ഇരുന്നൂറ് കോടിയും കടന്ന് ചിത്രം മലയാളത്തിന്റെ സീൻ മാറ്റിയിരുന്നു. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
Content Highlights: Chidambaram says Manjummal Boys became a hit because of Soubin