
'പിഷാരടി ചേട്ടാ… ഇനി ഏത് സിനിമ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം' ആപ് കൈസേ ഹോ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലെ ഈ ചോദ്യവും അതിന്റെ മറുപടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. രമേഷ്
പിഷാരടിയോടായിരുന്നു ചോദ്യമെങ്കിലും ധ്യാൻ ശ്രീനിവാസായിരുന്നു അതിന് മറുപടി നൽകിയത്. 'കപ്പൽ മുതലാളി… 4 കെ ഡോൾബി അറ്റ്മോസ്' എന്നായിരുന്നു രമേഷ് പിഷാരടിയെ ട്രോളിയുള്ള ധ്യാനിന്റെ മറുപടി.
അവതാരകയുടെ ചോദ്യവും അതിന് ധ്യാൻ നൽകിയ മറുപടിയും പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പൊതുവെ പരിപാടികളിൽ എല്ലാവരെയും ട്രോൾ ചെയ്യുന്ന രമേഷ് പിഷാരടിയെ ധ്യാൻ ട്രോളി എന്നാണ് പലരും പറയുന്നത്. പിന്നാലെ കപ്പൽ മുതലാളി എന്ന സിനിമയും ചർച്ചാവിഷമായി മാറി.
ഇതിനെല്ലാം പുറമെ മലയാളി കാസ്സറ്റ്സ് എന്ന യുട്യൂബ് ചാനലിലൂടെ ചിത്രത്തിലെ പാട്ടുകൾ വീണ്ടും അപ്ലോഡ് ചെയ്യപ്പെടുകയുണ്ടായി. 'ഇതുവരെ എന്താണ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ 4 കെ പതിപ്പാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ ഗാനവും ഇതിലെ ഡാൻസ് സ്റ്റെപ്പുകളും ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്.
2009 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കപ്പൽ മുതലാളി. രമേഷ് പിഷാരടി ആദ്യമായി നായകവേഷം ചെയ്ത സിനിമയിൽ സരയു ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. താഹ സംവിധാനം ചെയ്ത ചിത്രം മമ്മി സെഞ്ച്വറിയും റമീസ് രാജയും ചേർന്നായിരുന്നു നിർമിച്ചത്. ജഗതി ശ്രീകുമാർ, ജഗദിഷ്, ഭീമൻ രഘു, മുകേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Kappal Muthalali starring Ramesh Pisharody is now trending in social media