
കെഎല്‍ 10 എന്ന സിനിമയ്ക്ക് ശേഷം മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയാണ് 'തന്ത വൈബ്'. ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കളർഫുൾ ടോണിൽ ഡാൻസ് പോസ് ചെയ്തു നിൽക്കുന്ന തരത്തിലാണ് പോസ്റ്ററിൽ ടൊവിനോ ഉള്ളത്. വലിയ പ്രതീക്ഷകളാണ് സിനിമയ്ക്ക് മേൽ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും സൈക്കോളജിക്കൽ ഫിക്ഷനും സയൻസ് ഫിക്ഷനും ഒരുമിച്ച് ചേരുന്ന തരം ഴോണറിൽ ഒരുങ്ങുന്ന സിനിമയാണ് തന്ത വൈബ് എന്നും മുഹ്സിൻ പരാരി പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മുഹ്‌സിൻ ഇക്കാര്യം പറഞ്ഞത്. ഡാർക്ക് കോമഡി, ആക്ഷൻ അഡ്വെഞ്ചർ, മാർഷ്യൽ ആർട്സ്, സറിയലിസം തുടങ്ങിയ ഴോണറുകളുടെയും മിക്സ് ആണ് തന്ത വൈബ് എന്നും മുഹ്‌സിൻ വ്യക്തമാക്കി. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോ ആണ് എഡിറ്റർ. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
നിരവധി സിനിമകൾക്ക് ഗാനങ്ങൾ എഴുതിയ മുഹ്സിൻ പരാരി പാട്ടെഴുത്തിൽ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ടൊവിനോ ചിത്രം തല്ലുമാലയുടെ സംവിധാന ചുമതല ഉണ്ടായിരുന്ന ഇദ്ദേഹം പിന്നീട് അതിൽ നിന്ന് മാറിനിന്നിരുന്നു. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയ്ക്ക് പിന്നിലും മുഹ്‌സിൻ ആയിരുന്നു. നസ്രിയ- ബേസില്‍ ചിത്രമായ സൂക്ഷദര്‍ശിനിയിലെ ദുരൂഹമന്ദഹാസമാണ് മുഹ്‌സിന്‍ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം.
Content Highlights: Muhsin Parari explains the genre of Tovino film Thantha Vibe