
ബോളിവുഡിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. നിറയെ പഴയ ഹിറ്റ് സിനിമകളാണ് ഇപ്പേൾ വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. ഈ സിനിമകൾക്കെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സൂപ്പർതാര സിനിമ കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.
ഷാരൂഖ് ഖാൻ നായകനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ 'ദിൽ തോ പാഗൽ ഹേ' ആണ് വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. യഷ് ചോപ്ര സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം ഫെബ്രുവരി 28 ന് റീ റിലീസ് ചെയ്യും. പിവിആർ ഐനോക്സ് സ്‌ക്രീനുകളിലാണ് ചിത്രം വീണ്ടുമെത്തിക്കുന്നത്. മാധുരി ദീക്ഷിത്, കരിഷ്മ കപൂർ, അക്ഷയ് കുമാർ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷത്തിൽ എത്തിയത്. വമ്പൻ വിജയമായ സിനിമയിലെ ഗാനങ്ങൾ എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബോർഡറിന് ശേഷം 1997-ലെ ഏറ്റവും വലിയ വരുമാനം നേടിയ ചിത്രമായിരുന്നു 'ദിൽ തോ പാഗൽ ഹേ'. 1998-ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള മൂന്ന് ദേശീയ അവാർഡുകളും കരിഷ്മയ്ക്ക് മികച്ച സഹനടിക്കുള്ള അവാർഡും സിനിമ നേടിയിരുന്നു.
നേരത്തെ രൺബീർ കപൂർ സിനിമയായ യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തു വലിയ വിജയം നേടിയിരുന്നു. അയൻ മുഖർജി സംവിധാനം ചെയ്ത യേ ജവാനി ഹേ ദീവാനിയിൽ രൺബീർ കപൂറിനൊപ്പം ആദിത്യ റോയ് കപൂർ, ദീപിക പദുകോൺ, കൽക്കി കോച്ച്‌ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 25 കോടിക്ക് മുകളിലാണ് ചിത്രം രണ്ടാം വരവിൽ വാരികൂട്ടിയത്. ഇതിന് പിന്നാലെ ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ 'സനം തേരി കസം' വീണ്ടും തിയേറ്ററിലെത്തിയിരുന്നു. 2016 ൽ രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രം അന്ന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ ഒമ്പതുവർഷങ്ങൾക്കിപ്പുറം 33.75 കോടിയാണ് സിനിമ നേടിയത്.
Content Highlights: Shahrukh Khan film Dil To Paagal Hai to re release soon