
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷൻ സ്പൈ ത്രില്ലറാണ് 'പത്താൻ'. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിൽ ഉൾപ്പെടുന്ന സിനിമയിൽ പത്താൻ എന്ന ഏജന്റ് ആയിട്ടാണ് ഷാരൂഖ് എത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ 1000 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഒരുപാട് പരാജയങ്ങൾക്ക് ശേഷം ഷാരൂഖ് ഖാന് വലിയ തിരിച്ചുവരവ് നൽകിയ സിനിമയായിരുന്നു ഇത്. ഒരു രണ്ടാം ഭാഗത്തിന് സൂചന നൽകിയാണ് ചിത്രം അവസാനിപ്പിച്ചത്. ഇപ്പോഴിതാ 'പത്താൻ 2' വിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്ര ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം തുടക്കത്തോടെ ആരംഭിക്കാനാണ് പദ്ധതിയെന്നാണ് എന്റർടൈൻമെന്റ് വെബ്സൈറ്റ് ആയ പീപിങ്മൂൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ശ്രീധർ രാഘവൻ, അബ്ബാസ് ടയർവാല എന്നിവർക്കൊപ്പമാണ് ആദിത്യ ചോപ്ര തിരക്കഥ പൂർത്തിയാക്കിയത്. ആദ്യ ഭാഗത്തേക്കാൾ വലിയ സ്കെയിലിൽ ആണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും സ്ക്രിപ്റ്റ് ഷാരൂഖിന് ഇഷ്ടമായെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദിന് പകരം മറ്റൊരു സംവിധായകനാകും പത്താൻ 2 ഒരുക്കുക.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് സിനിമ. സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ തുടങ്ങും. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാരാ അദ്വാനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'വാർ 2' ആണ് സ്പൈ യൂണിവേഴ്സിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമ. അയൻ മുഖർജി സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റിൽ പുറത്തിറങ്ങും.
Content Highlights: Shahrukh Khan film Pathaan 2 script locked