
മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ചിത്രത്തിൽ മോഹൻലാലിന്റെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായ 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം തുടരും എന്ന ചിത്രത്തിലുണ്ടാകും എന്ന് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിന്റെ പ്രൊമോയുടെ ഭാഗമായാണ് ഗാനം ഒരുക്കുന്നത്. ഇപ്പോൾ ആ പ്രൊമോ ഗാനത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തിയും.
'ഒരു പ്രൊമോ ഗാനം പ്ലാനിലുണ്ട്. ലാലേട്ടനും അതിനോട് താത്പര്യം കാണിച്ചിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ ഗാനമല്ല. ലാലേട്ടനെ വെച്ച് ഒരു പടം ചെയ്യുമ്പോൾ നമുക്കൊക്കെ ആഗ്രഹമുണ്ടാകുമല്ലോ ഒരു ആഘോഷ പാട്ട്. ഇപ്പോഴത്തെ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിന്റെ ഭാഗമായി ഒരു പ്രൊമോ ഗാനം ചെയ്യാൻ പദ്ധതിയുണ്ട്. ലാലേട്ടന് മറ്റു സിനിമകളുടെ തിരക്കുകളുണ്ട്. അതിനാൽ എപ്പോഴാണ് ചെയ്യാൻ കഴിയുക എന്ന് അറിയില്ല. പെട്ടെന്ന് ചെയ്യണം,' എന്നാണ് തരുൺ മൂർത്തി പറഞ്ഞത്. ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന സീരീസിന്റെ പ്രിവ്യു ഷോയ്ക്ക് വന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ അടുത്ത് ഒരു അഭിമുഖത്തിലായിരുന്നു എം ജി ശ്രീകുമാർ പ്രൊമോ ഗാനത്തെക്കുറിച്ച് സംസാരിച്ചത്. 'വേൽമുരുകൻ പോലൊരു ഗാനം ഉണ്ട് അതിൽ. പ്രമോ സോങ് ആയിരുന്നു. മോഹൻലാൽ അത് കേട്ട് പറഞ്ഞു, ഞാൻ എത്ര ദിവസം വേണമെങ്കിലും അഭിനയിക്കാം എന്ന്. എറണാകുളത്ത് വരുന്ന ദിവസങ്ങളിൽ ആ പാട്ട് ഷൂട്ട് ചെയ്യുന്നുണ്ട്. ആ പാട്ട് കേട്ട് ലാൽ എന്നെ വിളിച്ചു, ഇനി ഒരു വർഷത്തേക്ക് പാടിയില്ലെങ്കിലും കുഴപ്പം ഇല്ലാലോ എന്ന് പറഞ്ഞു. സന്തോഷം ഉണ്ട്,' എന്നായിരുന്നു എം ജി ശ്രീകുമാറിന്റെ വാക്കുകൾ.
അതേസമയം തുടരും റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
Content Highlights: Tharun Moorthy talks about Thudarum movie promo song