
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ് എമ്പുരാൻ. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയിൽ നടൻ അഭിമന്യു സിംഗും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഈ വർഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ചെലവേറിയ സിനിമയായിരിക്കും എമ്പുരാൻ എന്നാണ് അഭിമന്യു സിംഗ് പറയുന്നത്. ചിത്രത്തിലെ ഓരോ രംഗങ്ങളും അതിഗംഭീരമാം വിധമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ രംഗത്തെയും പൃഥ്വി ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും അത്ഭുതപ്പെടുത്തുന്നതാണ്. എമ്പുരാൻ ഹോളിവുഡ് നിലവാരമുള്ള സിനിമയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിമന്യു സിംഗിന്റെ പ്രതികരണം.
'2025 ലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ഇന്ത്യൻ സിനിമയായിരിക്കും എമ്പുരാൻ. അവർ ആ ചിത്രത്തിനായി മുടക്കിയിരിക്കുന്ന പണം ഞെട്ടിക്കുന്നതാണ്. സിനിമയിലെ ഓരോ ഷോട്ടും മികച്ചതാണ്. ഓരോ രംഗത്തെയും പൃഥ്വി ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരോ ഷോട്ടും ഒരു വിരുന്നാണ്. ഇത് ഒരു ഇന്ത്യൻ സിനിമയാണെന്ന് തോന്നില്ല. ടീസർ കണ്ടൽ തന്നെ മനസിലാകും, ഓരോ ഷോട്ടും ഹോളിവുഡ് നിലവാരമുള്ളതാണ്. ഒരുകാലത്ത് ഏറ്റവും കുറഞ്ഞ ബജറ്റിൽ സിനിമ നിർമിച്ച മലയാളം ഇൻഡസ്ട്രി ഇന്ന് ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ചെയ്യുന്നു,' എന്ന് അഭിമന്യു സിംഗ് പറഞ്ഞു. ചിത്രത്തിൽ മോഹൻലാലിനൊപ്പം തനിക്ക് കോമ്പിനേഷൻ രംഗമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എമ്പുരാനിൽ ബൽരാജ് എന്ന കഥാപാത്രത്തെയാണ് അഭിമന്യു സിംഗ് അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള നടന്റെ ആദ്യ മലയാളം ചിത്രമാണ് എമ്പുരാൻ.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Abhimanyu Singh talks about the budget of Empuraan movie