'സോഷ്യൽമീഡിയ അക്കൗണ്ട് ബിജെപിക്ക് കൈമാറി,വായ്പ എഴുതിതള്ളി', പ്രീതി സിന്റക്കെതിരെ കോൺ​ഗ്രസ്, മറുപടി

ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ഈ ആരോപണം

dot image

നടി പ്രീതി സിന്റയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ബിജെപിയ്ക്ക് കൈമാറിയെന്നും തുടര്‍ന്ന് നടിയുടെ 18 കോടിയുടെ വായ്പ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ഈ ആരോപണം. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രീതി സിന്റ.

'എന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് ഞാൻ തന്നെയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലജ്ജ തോന്നുകയാണ്. എന്റെ ചിത്രവും പേരും ഉപയോഗിച്ച് മോശം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതില്‍ ഞെട്ടലുണ്ട്,' നടി എക്‌സില്‍ കുറിച്ചു. ബാങ്കില്‍നിന്ന് താനെടുത്ത വായ്പ പത്തുവര്‍ഷം മുന്‍പ് തന്നെ മുഴുവനായി അടച്ചുതീര്‍ത്തതാണെന്നും നടി വ്യക്തമാക്കി.

നടിയുടെ വിമർശനത്തിന് പിന്നാലെ കെപിസിസിയുടെ ഔദ്യോഗിക അക്കൗണ്ടിലും ഇതുസംബന്ധിച്ച മറുപടി എത്തി.

'നിങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്നത് നിങ്ങള്‍ തന്നെയാണ് എന്നറിഞ്ഞതിലും മറ്റു സെലിബ്രറ്റികളെപ്പോലെ കുപ്രസിദ്ധമായ ഐ ടി സെല്ലിന് സാമൂഹികമാധ്യമ അക്കൗണ്ട് കൈമാറാതിരുന്നതിലും സന്തോഷമുണ്ടെന്നായിരുന്നു' കോണ്‍ഗ്രസിന്റെ പ്രതികരണം.

വായ്പ സംബന്ധിച്ചുള്ള വിഷയത്തില്‍ വിശദീകരണം നല്‍കിയതിന് നന്ദിയുണ്ടെന്നും തങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതായും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. മാധ്യമവാര്‍ത്ത മാത്രമാണ് തങ്ങള്‍ നേരത്തെ പങ്കുവെച്ചതെന്നും കോണ്‍ഗ്രസിന്റെ വിശദീകരണ കുറിപ്പിലുണ്ട്.

Content Highlights: Actress Preity Zinta criticizes fake news of Congress

dot image
To advertise here,contact us
dot image