
കാമ്പുള്ള പ്രമേയം, കെട്ടുറപ്പുള്ള തിരക്കഥ, വൈകാരികമായ നിമിഷങ്ങൾ, സിറ്റുവേഷണൽ കോമഡികൾ, മികച്ച പെർഫോമൻസുകൾ എന്നിവയെല്ലാം കൊണ്ട് മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കുടുംബ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'. ഒരു ഡോക്ടറുടെ പേഴ്സണൽ ആൻഡ് പ്രൊഫഷണൽ ലൈഫിലൂടെ ഈ കാലത്തെ കുടുംബങ്ങളുടെ നേർചിത്രം സിനിമയിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കുടുംബങ്ങളുടെ ഹൃദയം കവർന്ന ഡോക്ടറായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രം. തിയേറ്ററുകളിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ കുടുംബ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് ഗംഭീര പ്രതികരണങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്.
പരസ്യ ചിത്രങ്ങളുടെ ലോകത്തുനിന്നും സ്വതന്ത്രസംവിധായകനായി മാറിയ വിനയ് ഗോവിന്ദ് ആണ് സിനിമയുടെ സംവിധായകൻ. ആദ്യ ചിത്രമായ കിളിപോയി തന്നെ മലയാളത്തിലെ ആദ്യ സ്റ്റോണർ മൂവിയായാണ് വിനയ് ഒരുക്കിയത്. പിന്നാലെ കോഹിന്നൂർ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടുകയുമുണ്ടായി. ഇപ്പോഴിതാ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായി കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഒരുക്കിയിരിക്കുന്ന ഗെറ്റ് സെറ്റ് ബേബി തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കൂടാതെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്.
കുടുംബങ്ങളുടെ പൾസറിഞ്ഞുകൊണ്ട് ഗെറ്റ് സെറ്റ് ബേബിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. കളർഫുള്‍ വിഷ്വൽസാണ് അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകള്‍. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്.
Content Highlights: Get Set Baby getting huge responses in theatres