
തമിഴിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുകയാണ് പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗൺ. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 25 കോടിയോളം രൂപ നേടി. ഇപ്പോഴിതാ നായകനായ പ്രദീപിന്റെ ഒരു പഴയ ട്വീറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
എട്ട് വർഷം മുൻപ് പ്രദീപിന്റെ ആപ്പ് ലോക്ക് എന്ന ഷോർട്ട് ഫിലിം ട്വിറ്ററിൽ നടൻ ധനുഷിനെ ടാഗ് ചെയ്തുകൊണ്ട് ഇതൊന്ന് കാണാമോ എന്ന് നടൻ പങ്കുവെച്ച ട്വീറ്റ് ആണ് വർഷങ്ങൾക്കിപ്പുറം വൈറലാകുന്നത്. 'സാർ ഞാൻ 2ഡി എന്റർടൈൻമെന്റ് മൂവി ബഫ് ഷോർട്ട് ഫിലിം കോണ്ടെസ്റ്റിലെ വിന്നറാണ്. ഈ ഒരു ഷോർട്ട് ഫിലിം താങ്കൾ കാണുകയാണെങ്കിൽ അതെനിക്ക് വലിയ സന്തോഷമായിരിക്കും', എന്നാണ് പ്രദീപിന്റെ ട്വീറ്റ്. ഇതിന് കൃത്യം ഏഴ് വർഷങ്ങൾക്ക് ഇപ്പുറം ധനുഷിന്റെ സിനിമയ്ക്ക് ഒപ്പം ക്ലാഷ് വെച്ച് പ്രദീപിന്റെ സിനിമ ഹിറ്റടിച്ചു എന്നാണ് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രേക്ഷകർ കുറിക്കുന്നത്. സിനിമകളെ വെല്ലുന്ന തരത്തിലാണ് പ്രദീപിന്റെ ഈ ഉയർച്ച എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
7 years later Pradeep’s Dragon clashed with Dhanush’s NEEK and Dragon became the clash winner.
— Cine Bae (@Cinebae_) February 25, 2025
This is absolute cinema guys! 😭📈 pic.twitter.com/qQEP455VTF
ലൗവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. അതേസമയം ധനുഷിന്റെ സംവിധാനത്തിലെത്തിയ 'നിലവുക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രം ബോക്സ് ഓഫീസിൽ കിതയ്ക്കുകയാണ്. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുക്കിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 5.41 മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ജി വി പ്രകാശ് കുമാറാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Pradeep Ranganadhan's old tweet goes viral on social media