
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
ഒന്നര മിനിറ്റോളം നീളമുള്ള സിനിമയുടെ ടീസർ അണിയറപ്രവർത്തകർ നാളെ വൈകുന്നേരം 7.03 ന് പുറത്തുവിടും. ടീസർ റിലീസിന് മുന്നോടിയായി വലിയ ആവേശത്തിലാണ് അജിത് ആരാധകരുള്ളത്. തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും ടീസർ ലൈവ് സ്ട്രീമിങ് ചെയ്യുന്നുണ്ട്. ഒപ്പം വലിയ ആഘോഷങ്ങളാണ് അജിത് ഫാൻസ് പ്ലാൻ ചെയ്യുന്നത്. ടീസറിന്റെ ഒരു അന്നൗൺസ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അജിത്തിന്റെ മുഖം കാണിക്കാതെ, എന്നാൽ അടിമുടി സ്വാഗിലാണ് അനൗൺസ്‌മെന്റ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത അജിത് ചിത്രം വിടാമുയർച്ചി ആരാധകരിൽ വലിയ നിരാശ സമ്മാനിച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലിയിലൂടെ അജിത്തിന് ഒരു വമ്പൻ തിരിച്ചുവരവ് ഉണ്ടാകുമെന്ന് ടീസർ അനൗൺസ്‌മെന്റ് നൽകുന്ന സൂചന എന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു.
#GoodBadUglyTeaser Tomorrow at 7.03pm ❤️🙏🏻 #AjithKumar sir @MythriOfficial @SureshChandraa sir ❤️🙏🏻 pic.twitter.com/P7woUkg22E
— Adhik Ravichandran (@Adhikravi) February 27, 2025
കഴിഞ്ഞ ദിവസം ചിത്രത്തിലെ തൃഷ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയിരുന്നു. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഗുഡ് ബാഡ് അഗ്ലിയിൽ സിമ്രാൻ ഒരു കാമിയോ വേഷത്തിലെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good Bad Ugly teaser from tomorrow