നായകൻ മരിക്കുന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ? അമരന്റെ വിജയത്തിന് കാരണം തന്നെ അതായിരുന്നു: കമൽ ഹാസൻ

'ജനിച്ചുകഴിഞ്ഞാല്‍ മരണം തീര്‍ച്ചയാണ്. അതിനെ ആര്‍ക്കും മാറ്റാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്'

dot image

ശിവകാർത്തികേയന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് 'അമരൻ'. തമിഴ്നാട്ടിൽ കാര്യമായ ഹിറ്റുകൾ ഉണ്ടാവാതിരുന്ന സമയത്ത് കോളിവുഡിന് രക്ഷകനായെത്തിയ ചിത്രം കൂടിയായിരുന്നു അമരൻ. ക്ലൈമാക്സിൽ നായകൻ മരിക്കുന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി സിനിമയുടെ വിതരണക്കാർക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അത്തരം കഥകൾ പ്രേക്ഷകർ സ്വീകരിക്കുമെന്ന ഉറപ്പ് തനിക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് കൂടിയായ കമൽ ഹാസൻ. സിനിമയുടെ 100 ാം ദിവസത്തെ വിജയാഘോഷത്തിലാണ് പ്രതികരണം.

‘അമരന്‍ എന്ന സിനിമ വളരെ നല്ല രീതിയിലാണ് രാജ്കുമാര്‍ ഒരുക്കിയത്. അഭിനയിച്ചവരും അവരുടെ ഭാഗം ഗംഭീരമാക്കി. എന്നാല്‍ ആ സിനിമ വിതരണത്തിന് കൊടുക്കുന്ന സമയത്ത് ചെറിയൊരു പ്രശ്‌നമുണ്ടായി. ക്ലൈമാക്‌സില്‍ നായകന്‍ മരിക്കുന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി അവര്‍ക്ക് വന്നു. സിനിമ വിജയിക്കുമോ എന്നായിരുന്നു അവരുടെ സംശയം.

ജനിച്ചുകഴിഞ്ഞാല്‍ മരണം തീര്‍ച്ചയാണ്. അതിനെ ആര്‍ക്കും മാറ്റാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. ഗാന്ധിയും ബുദ്ധനും മരിച്ചവരാണല്ലോ. അവര്‍ ഇപ്പോഴും പലരുടെയും മനസില്‍ ഇല്ലേ എന്നും ഞാന്‍ ചോദിച്ചു. അങ്ങനെയുള്ളവരുടെ കഥ എങ്ങനെയായാലും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ സിനിമയില്‍ എന്റെ ഏറ്റവും വലിയ വിശ്വാസവും അതായിരുന്നു,’ കമല്‍ ഹാസന്‍ പറഞ്ഞു.

amaran movie

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തിയത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിച്ചു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ. 300 കോടിയിൽ കൂടുതൽ കളക്ഷൻ അമരൻ നേടിയിരുന്നു.

Content Hihlights: Kamal Haasan opens up about the success of Amaran movie

dot image
To advertise here,contact us
dot image