
വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതു മുതൽ നെഗറ്റീവ് പരാമർശങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് പറയുകയാണ് നടി പ്രിയാമണി. തന്റെ പാർട്ണർ ഒരു അന്യ മതസ്ഥൻ ആയത് കൊണ്ടാണ് ഇത്രയും വിമർശങ്ങൾ ഉണ്ടായതെന്നും പ്രിയാമണി പറഞ്ഞു. അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കാൻ കൂടിയാണ് വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പോസ്റ്റ് ചെയ്യാത്തതെന്നും അവര്‍ കൂട്ടിച്ചേർത്തു. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ വിവാഹ നിശ്ചയം അറിയിച്ചപ്പോൾ ഒരുപാട് പേർ നെഗറ്റീവ് പരാമർശങ്ങളുമായി എത്തിയിരുന്നു. ആരാണ് അവരെന്ന് പോലും എനിക്ക് അറിയില്ല. എന്തിനാണ് ഇത്രയും മോശമായി അവർ അതിനെ കാണുന്നതെന്നും അറിയില്ല. വിമർശനങ്ങൾ ഒരുപാടുണ്ടായിരുന്നു. എന്റെ പാർട്ണർ മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന ആളായതുകൊണ്ടാണ് ഇത്രയും വിമർശനങ്ങൾ ഉണ്ടായത്. അദ്ദേഹത്തിന്റെ മതം ഞങ്ങൾക്ക് പ്രശ്നം ഉള്ള കാര്യമല്ല. ഞാൻ അദ്ദേഹത്തിന്റെ മതത്തെയും അദ്ദേഹം എന്റെ മതത്തെയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്.
പിന്നെ ഇത്തരം പരാമർശങ്ങളിൽ, ആരെങ്കിലും അവരുടെ ഫോണിലും ലാപ്ടോപ്പിലും ഇരുന്ന് എന്തെങ്കിലും എഴുതി വിടുന്നതിനോട് ഞാൻ ഉത്തരം പറയേണ്ട കാര്യമില്ലലോ. ഞാൻ എന്റെ പാർട്ണറിനോടും ഫാമിലിയോടും മാത്രം ഉത്തരം പറഞ്ഞാൽ മതി, രണ്ടു കുടുംബത്തിനെയും കൺവിൻസ് ചെയ്‌താൽ മതി. അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കാൻ കൂടിയാണ് വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്തത്,' പ്രിയാമണി പറഞ്ഞു.
2017-ലാണ് നടി പ്രിയാ മണിയും ഇവന്റ് മാനേജരായ മുസ്തഫ രാജും വിവാഹിതരായത്. ഐ.പി.എല്‍. ടൂര്‍ണമെന്റിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. പിന്നാലെ ഒരു ടി.വി. റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സരത്തിനിടെ മുസ്തഫ പ്രിയാമണിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. 2017-ല്‍ ഇരുവരും ബെംഗളൂരുവില്‍ വെച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു.
പ്രിയാമണിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിൽ ഗീത എന്ന കഥാപത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചിരിക്കുന്നത്. ജിത്തു അഷറഫ് ആണ് സിനിമയുടെ സംവിധാനം. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് തിരക്കഥയൊരുക്കിയത്.
Content Hihlights: Priyamani talks about the criticism she faced on social media in her marriage