
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പക്കാ സ്റ്റൈലിഷ് ആക്ഷൻ ചിത്രമാകും ഗുഡ് ബാഡ് അഗ്ലി എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിൽ പല ഗെറ്റപ്പിൽ അജിത് എത്തുന്നുണ്ട്. ഗുഡ് ബാഡ് അഗ്ലിയിലൂടെ അജിത്തിന് ഒരു വമ്പൻ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
തൃഷയാണ് സിനിമയിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഗുഡ് ബാഡ് അഗ്ലിയിൽ സിമ്രാൻ ഒരു കാമിയോ വേഷത്തിലെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഫാൻസിനായുള്ള ഒരു ട്രീറ്റ് ആകും സിനിമയെന്നും വിക്രം, പേട്ട പോലെ ഒരു പക്കാ ഫാൻ ബോയ് സിനിമയാണ് ഗുഡ് ബാഡ് അഗ്ലിയെന്നും ജി വി പ്രകാശ് കുമാർ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു.
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Ajith film Good bad ugly teaser out now