
ഫാമിലി മാൻ ഇറങ്ങുന്നതിന് മുൻപ് വരെ തനിക്ക് മോശം സമയമായിരുന്നുവെന്ന് നടൻ നീരജ് മാധവ്. താൻ സിനിമയിൽ നിന്ന് ഔട്ട് ആയി എന്നുവരെ ആളുകൾ പറഞ്ഞു. മനോജ് ബാജ്പേയിയുടെ കൂടെ അഭിനയിച്ച ആത്മവിശ്വാസത്തിൽ പല സംവിധായകരോടും പോയി ചാൻസ് ചോദിച്ചപ്പോൾ ലഭിച്ച മറുപടികളിൽ കരഞ്ഞു പോയ അവസ്ഥയുണ്ടായിട്ടുണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നീരജ് മാധവ് മനസ് തുറന്നത്.
'ചാൻസ് ചോദിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. അങ്ങോട്ട് ഒന്നും ഓഫർ ചെയ്യാനില്ലാതെ ഒരാളുടെ അടുത്ത് ബ്ലൈൻഡ് ആയി പോയിട്ട് എനിക്കെന്തെങ്കിലും താ എന്ന് പറയുന്നതിൽ കാര്യമില്ല. ഒരു ഈഗോ അല്ല അത്. വളരെ എളുപ്പത്തിൽ ഒരു ചാൻസ് ചോദിക്കുന്നു, എന്താണ് നിങ്ങൾക്ക് ഓഫർ ചെയ്യാൻ എനിക്കുള്ളത് എന്ന ചോദ്യം എപ്പോഴും എന്റെ ഉള്ളിലുണ്ട്. ഫാമിലിമാൻ കഴിഞ്ഞ് അത് ഇറങ്ങുന്നതിന് മുൻപ് വരെയുള്ള കാലത്ത് ഒരു മോശം സമയമുണ്ടായിരുന്നു. ഒരു വർഷത്തോളം ഞാൻ ഇവിടെ ഇല്ല. തിരിച്ചു വന്നപ്പോൾ പണിയില്ല, അവൻ ഔട്ടായി എന്നൊക്കെ ആളുകൾ പറഞ്ഞു'.
'അന്ന് ഓടി നടന്ന് കുറെ കഥകൾ കേട്ടിരുന്നു. ഭയങ്കര തിക്താനുഭവമായിരുന്നു. മനോജ് ബാജ്പേയിയുടെ കൂടെ അഭിനയിച്ച ആത്മവിശ്വാസത്തിലാണ് ഞാൻ പലരോടും പോയി പറയുന്നത്. ചേട്ടാ ഞാൻ ഇങ്ങനെ ഒരു പടം ചെയ്തു, മനോജ് ബാജ്‌പേയിയുടെ ഓപ്പോസിറ്റ് വില്ലനായിട്ടാണ് ചെയ്തത്, നിങ്ങൾ എന്നെ വേറെ ഏതെങ്കിലും രീതിയിൽ ആലോചിച്ചു നോക്കൂ എന്നെല്ലാം ഞാൻ പറഞ്ഞു. അവിടെയും ഞാൻ കരഞ്ഞുപോയ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് നിനക്ക് പറ്റിയ പരിപാടിയല്ല എന്നുള്ള രീതിയിലായിരുന്നു എനിക്ക് കിട്ടിയ മറുപടി', നീരജ് മാധവ് പറഞ്ഞു.
ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന ജിയോസ്റ്റാർ സീരീസ് ആണ് നീരജിൻ്റേതായി അവസാനം പുറത്തിറങ്ങിയ പ്രൊജക്ട്. അജു വര്‍ഗീസും, ഗൗരി ജി കിഷനും ആണ് സീരിസിൽ മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ വാശി എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന സീരീസ് ആണിത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങുന്നത്.
Content HIghlights: Neeraj madhav talks about the bitter experience in cinema