
പൊതുസമൂഹത്തിൽ അതിക്രമങ്ങൾ നിറയുന്ന പശ്ചാത്തലത്തിൽ സിനിമയിലെ വയലൻസ് അതിന് കാരണമാകുന്നുണ്ടോ എന്ന വിഷയത്തെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതി മാറുന്നത് എന്ന് പറയാനാകില്ലെങ്കിലും സിനിമയിലൂടെ നാം കാണുന്ന തലയില്ലാത്ത കബന്ധങ്ങൾ നമ്മുടെ മനസിൽ പതിയുന്നുണ്ടെന്ന് പറയുകയാണ് സംവിധായകൻ ബ്ലെസി. സെൻസർ ചെയ്യപ്പെട്ട സിനിമകൾ കുട്ടികൾ കാണുന്നതിന് വിലക്കുള്ളതായി നമ്മുടെ നാട്ടിലെ തിയറ്ററുകളിൽ കണ്ടിട്ടില്ലെന്നും എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഇത് കർശനമായി പാലിക്കപെടുന്നുണ്ടെന്നും ബ്ലെസി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റമുണ്ടാകുന്നത് എന്ന അർത്ഥത്തിലല്ല ഞാൻ പറഞ്ഞിട്ടുള്ളതൊന്നും. പക്ഷേ സിനിമയിലൂടെ നാം കാണുന്ന തലയില്ലാത്ത കബന്ധങ്ങൾ എന്ന് പറയുന്നത് നമ്മളുടെ മനസ്സിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വിഷ്വൽ അല്ല. പക്ഷെ സിനിമയില്‍ അതെല്ലാം നമ്മൾ നേരിട്ട് കണ്ടു പരിചയപ്പെടുന്നു. കൊലപാതകങ്ങളും ചിതറിപ്പോയ ശരീരങ്ങളും പരിചയപ്പെടുന്നു. ഈ പറയുന്ന തരത്തിലുള്ള അനുഭവങ്ങളിലൂടെ നമ്മൾ നിരന്തരമായി യാത്ര ചെയ്യുമ്പോൾ, മാനസികമായി ഉണ്ടാകാവുന്ന പ്രയാസങ്ങളുണ്ട്. ചില ആളുകൾക്ക് പ്രയാസമാണെങ്കിൽ ചിലർ വിജയം പോലെ ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലേക്ക് പോകുന്നുണ്ട്. ഇത് സിനിമയിൽ മാത്രമല്ല, ബേസിക് ആയി കാണാൻ കഴിയുന്നത് വീഡിയോ ഗെയിമുകളിലാണ്. കഴിഞ്ഞ 15 വർഷത്തെ കാര്യം നോക്കിയാൽ മതി. നമ്മൾ കുട്ടികൾക്ക് വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങളിൽ പോലും ഈ വസ്തുത കാണാം. പണ്ട് അമ്പും വില്ലുമായിരുന്നു എങ്കിൽ ഇന്ന് പല തരത്തിലുള്ള തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ.
സെൻസർ ചെയ്യപ്പെട്ട സിനിമകൾ കുട്ടികൾ കാണുന്നതിന് വലിയ വിലക്കുള്ളതായി നമ്മുടെ നാട്ടിലെ തിയറ്ററുകളിൽ കണ്ടിട്ടില്ല. പക്ഷെ ഗൾഫ് രാജ്യങ്ങളിൽ യു/എ സർട്ടിഫിക്കറ്റുള്ള സിനിമകൾ കുട്ടികളെ കാണിക്കാറില്ല. സിനിമകൾ സെൻസറിങ് ചെയ്യുന്നതിനും കൃത്യതയുണ്ടോ എന്ന് സംശയമാണ്. കാരണം ഒരു സമൂഹത്തിലേക്കാണ് ഈ സിനിമകൾ വരുന്നത്. ഇത്തരം കാഴ്ചകൾ എല്ലാവരെയും ബാധിക്കണമെന്നില്ല. പക്ഷെ ഏതെങ്കിലും തരത്തിൽ മനോവൈകല്യമുള്ള ആളുകൾക്ക് സിനിമ പ്രചോദനമോ പ്രോത്സാഹനമോ ആകുന്നു എന്നത് സമൂഹത്തിനോട് ചെയ്യുന്ന വിപത്തായിട്ടാണ് എനിക്ക് തോന്നുന്നത്,' ബ്ലെസി പറഞ്ഞു.
Content Highlights: Director Blessy reacts to the scenes of violence in the film