
മമ്മൂട്ടിയെ നായകനാക്കി നടൻ ജഗദീഷ് ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയതായി വാർത്തകൾ ഉണ്ടായിരുന്നു. പിന്നീട് ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതൊരു ദുസ്വപ്നമായിരുനെന്നും ആ സിനിമ വന്നിരുന്നെങ്കില്‍ മലയാള സിനിമക്ക് ഒരു ഫ്ലോപ്പ് കൂടെ കിട്ടിയേനെയെന്നും പറയുകയാണ് ജഗദീഷ്. അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നും ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. പരിവാർ എന്ന സിനിയമയുടെ ഭാഗമായി ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മമ്മൂക്കയെ വെച്ച് ഒരു സിനിമ ഡയറക്ട് ചെയ്യാന്‍ പ്ലാനിട്ടിരുന്നു. പക്ഷെ അതൊരു ദുസ്വപ്‌നമായിരുന്നു. സത്യത്തില്‍ അത് മെറ്റീരിയലൈസ് ചെയ്യാതിരുന്നത് നന്നായി. കാരണം ആ സിനിമ വന്നിരുന്നെങ്കില്‍ മലയാള സിനിമക്ക് ഒരു ഫ്‌ളോപ്പ് കൂടെ കിട്ടിയേനെ എന്നാണ് എനിക്ക് ഇന്ന് തോന്നുന്നത്. അത് ഒരിക്കലും ഒരു നല്ല ചലച്ചിത്രമാകുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ബജറ്റ് കൂടിയതിന്റെ പേരിലാണ് ആ സിനിമ സത്യത്തില്‍ ഉപേക്ഷിച്ചത്. അന്ന് ഉപേക്ഷിച്ച ആ പ്രൊഡ്യൂസറിന്റെ തീരുമാനത്തിന്റെ കൂടെയാണ് ഞാന്‍. അന്നത്തെ രീതിയില്‍ അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നത്. സിനിമ ഡയറക്ട് ചെയ്യുക എന്നത് എന്റെ പാഷനാണെങ്കില്‍ ഞാന്‍ പിന്നീട് എന്നെങ്കിലും അത് ചെയ്യേണ്ടതായിരുന്നില്ലേ.
ഡയറക്ഷന്‍ എന്നത് എന്റെ പാഷനല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഞാന്‍ അങ്ങനെയൊരു സംവിധാനത്തെ കുറിച്ച് പിന്നെ ചിന്തിക്കാതിരുന്നത്. ഇനി ഭാവിയില്‍ എന്നെ സംവിധായകനായി കാണേണ്ട നിര്‍ഭാഗ്യം പ്രേക്ഷകര്‍ക്ക് ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. നമുക്ക് പാഷനല്ലാത്ത ഒരു കാര്യം ചെയ്തിട്ട് കാര്യമില്ലല്ലോ. എന്നാല്‍ ആക്ടിങ് എനിക്ക് ഇന്നും ഒരു പാഷനാണ്. എത്ര നല്ല വേഷം കിട്ടിയാലും എനിക്ക് തൃപ്തി വരില്ല എന്നതാണ് സത്യം. ഇനിയും കൂടുതല്‍ നല്ല വേഷങ്ങള്‍ ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം,’ ജഗദീഷ് പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രമാണ് ജഗദീഷിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയത്. ചന്ദ്ര ബാബു എന്ന ബസ് കണ്ടക്ടർ ആയാണ് ചിത്രത്തിൽ ജഗദീഷ് എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ ഇതിനോടകം 25 കോടിയധികം ആഗോള കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന് പുറമെ സിനിമ ഇനി തമിഴിലും തെലുങ്കിലും സിനിമ റിലീസിന് ഒരുങ്ങുകയാണ്.
Content Highlights: Jagadish about the dropped Mammootty film