മന്നത്ത് വിടാനൊരുങ്ങി ഷാരൂഖും കുടുംബവും; ഇനി താമസം പ്രതിമാസം 24 ലക്ഷം വാടക വരുന്ന ആഡംബരവസതിയിൽ

മുംബൈയിലെ പാലി ഹില്‍ ഏരിയയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് ഷാരൂഖും കുടുംബവും താമസം മാറാന്‍ ഉദ്ദേശിക്കുന്നത്

dot image

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നതിനെക്കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. എല്ലാ വർഷവും താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുന്നതും ഈ വീടിന് മുന്നിലാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനും കുടുംബവും മന്നത്ത് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. വീട് നവീകരിക്കുന്നതിന്റെ ഭാഗമായാണ് താരവും കുടുംബവും തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറെടുക്കുന്നത്. ഷാരൂഖിന് പുറമെ ഭാര്യ ഗൗരി ഖാന്‍ മക്കളായ സുഹാന ഖാന്‍, ആര്യന്‍ ഖാന്‍, അബ്‌റാം ഖാന്‍ എന്നിവരും മന്നത്തില്‍ നിന്ന് മറ്റൊരു ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നുണ്ട്.

മുംബൈയിലെ പാലി ഹില്‍ ഏരിയയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് ഷാരൂഖും കുടുംബവും താമസം മാറാന്‍ ഉദ്ദേശിക്കുന്നത്. ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ നാല് നിലകള്‍ ഷാരൂഖ് വാടകയ്‌ക്കെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിമാസം 24 ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടിവരിക. ചലച്ചിത്ര നിര്‍മാതാവ് വഷു ഭഗ്നാനിയുടെ മകന്‍ ജാക്കി ഭഗ്നാനിയുമായും മകള്‍ ദീപ്ശിഖ ദേശ്മുഖുമായും ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ട്. വിശാലമായ ഫ്ലാറ്റിൽ ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകള്‍ക്കും താമസിക്കാന്‍ സാധിക്കും.

2024 നവംബറില്‍ മന്നത്തില്‍ രണ്ട് നിലകള്‍ കൂടി പണിയാനുള്ള അനുമതിയ്ക്കായി ഗൗരി ഖാന്‍ മഹാരാഷ്ട്ര കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ബാന്ദ്രയിലാണ് മന്നത്ത് സ്ഥിതി ചെയ്യുന്നത്. 2001ല്‍ 13 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാന്‍ മന്നത്ത് സ്വന്തമാക്കിയത്. ഇന്ന് 200 കോടി രൂപയോളം വിലമതിക്കുന്ന ആഡംബര വസതിയാണിത്. 27000 സ്‌ക്വയര്‍ ഫീറ്റുള്ള ബംഗ്ലാവില്‍ 6 നിലകളാണുള്ളത്. വിശാലമായ ലൈബ്രറി, തിയേറ്റര്‍, ജിം എന്നിവയും മന്നത്തിലൊരുക്കിയിട്ടുണ്ട്.

അതേസമയം, ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കിംഗ്’ ആണ് ഷാരൂഖിന്റെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. പത്താന്‍, വാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 2026 പകുതിയോടെ ചിത്രം റിലീസ് ചെയ്യും. ഷാരൂഖിനെ കൂടാതെ അഭിഷേക് ബച്ചൻ, സുഹാന ഖാൻ, അഭയ് വർമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content HIghlights: Shahrukh Khan and family to move out of mannat for renovation

dot image
To advertise here,contact us
dot image