
ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷു റിലീസായാണ് സിനിമ എത്തുക. ഒരു പോസ്റ്റാറിനൊപ്പമാണ് അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.
ബേസിൽ, രാജേഷ് മാധവൻ, സുരേഷ് കൃഷ്ണ തുടങ്ങിയവർ ഉൾപ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ആദ്യകാഴ്ചയിൽ ഒരു കോമഡി ചിത്രം എന്ന് തോന്നിപ്പിക്കുന്ന പോസ്റ്ററിലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബ്രില്യൻസും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ബേസിലും സംഘവും നിൽക്കുന്നതിന് തൊട്ടുതാഴെയായി ഒരു മൃതദേഹം ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി കാണാം. ഇതോടെ മരണമാസ്സ് വെറുമൊരു കോമഡി ചിത്രം മാത്രമാകില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്.
രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻമാൻ ആണ് ബേസിൽ നായകനായി തിയേറ്ററിൽ എത്തിയ അവസാനത്തെ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമയിലെ ബേസിലിന്റെ പ്രകടനം ഏറെ കൈയ്യടി നേടുന്നുണ്ട്. സജി ഗോപു, ലിജോമോൾ എന്നിവരും സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Basil Joseph movie Maranamass release date announced