
അജിത് കുമാർ -ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണുണ്ടാക്കുന്നത്. ബില്ല, മങ്കാത്ത വൈബിൽ ഒരു 'അജിത് ആഘോഷം' എന്നാണ് ടീസറിനെക്കുറിച്ച് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സിനിമയ്ക്ക് മേൽ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ കേരള വിതരണാവകാശത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
അഞ്ച് മുതൽ ആറ് കോടി വരെയാണ് ചിത്രത്തിനായി കേരള വിതരണക്കാർ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ചിത്രം വലിയ നേട്ടമുണ്ടാക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ. ശിവ സംവിധാനം ചെയ്ത വിവേകം ആണ് ഇതിന് മുൻപ് കേരളത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിട്ടുപോയ അജിത് സിനിമ. നാല് കോടിയാണ് വിവേകത്തിന് ലഭിച്ചത്. എന്നാൽ സിനിമയ്ക്ക് കേരളത്തിൽ വിജയിക്കാനായിരുന്നില്ല.
ടീസറിൽ ഉടനീളം പല ഗെറ്റപ്പുകളിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആൻഡ് പേപ്പർ ലുക്ക് മുതൽ മെലിഞ്ഞ സ്റ്റൈലിഷ് ലുക്കിൽ അടക്കം അജിത് വരുന്നുണ്ട്. വേതാളം, ദീന, വാലി, ബില്ല, റെഡ് തുടങ്ങിയ സിനിമകളുടെ റഫറൻസ് ആണ് സിനിമയിലുള്ളത്. കറുത്ത കോട്ടിട്ട് അജിത് നടന്ന വരുന്ന ഒരു രംഗം ടീസറിൽ ഉണ്ട്. ബില്ലയിലെ ഡേവിഡ് ബില്ല എന്ന കഥാപാത്രത്തെ ഓർമിപ്പിക്കും വിധമാണ് അജിത്തിന്റെ ലുക്ക് എന്നാണ് കമന്റുകൾ. ഒപ്പം അജിത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ വാലിയിലെ ഒരു സീനും ആദിക് റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒരു പക്കാ ഫാൻ ബോയ് പടമാണ് ഗുഡ് ബാഡ് അഗ്ലി എന്നാണ് ടീസർ കണ്ടതിന് ശേഷം വരുന്ന പ്രതികരണങ്ങൾ.
#GoodBadUgly Kerala rights asking price - 5 to 6 Crores . Likely to end up as the best business for #AjithKumar in Kerala. Previous Best - #Vivegam (4 Crores) pic.twitter.com/llviUzSCNL
— Friday Matinee (@VRFridayMatinee) March 2, 2025
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good bad ugly kerala asking price is 5 crores