
ഡബ്ബിങ് ചെയ്തതുകൊണ്ടാണ് തനിക്ക് തിരക്കഥ എന്ന ചിത്രത്തിൽ ദേശീയ പുരസ്‌കാരം നഷ്ടമായതെന്ന് നടി പ്രിയാമണി. തിരക്കഥ എന്ന സിനിമയ്ക്ക് വേണ്ടി താൻ ഡബ്ബ് ചെയ്തിരുന്നില്ലെന്നും ദേശീയ പുരസ്കാരത്തിന് വേണ്ടി അയയ്ക്കുന്നതിനായി ഡബ്ബ് ചെയ്ത് അയക്കാനായിരുന്നു തീരുമാനം എന്നും പ്രിയാമണി പറഞ്ഞു. എന്നാൽ എന്തൊക്കെയോ ചില കാരണങ്ങൾ കൊണ്ട് തനിക്ക് ആ സിനിമ ഡബ്ബ് ചെയ്യാൻ സാധിച്ചില്ലെന്നും അതിനാലാണ് ദേശീയ പുരസ്കാരം നഷ്ടപ്പെട്ടതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു.
'തിരക്കഥ' എന്ന ചിത്രത്തിന് വേണ്ടി ഞാൻ ഡബ്ബിങ് ചെയ്തിരുന്നില്ല. അത് കാരണമാണ് എനിക്ക് എന്റെ രണ്ടാമത്തെ ദേശീയ പുരസ്കാരം നഷ്ടപ്പെട്ടത്. എനിക്ക് ഇപ്പോഴും അതോർക്കുമ്പോൾ വിഷമമുണ്ട്. ആ സിനിമയുടെ നിർമാതാവാണ് എന്നോട് ഫോൺ വിളിച്ച് ഈ സിനിമ ദേശീയ പുരസ്കാരത്തിന് അയയ്ക്കാൻ പോവുകയാണെന്ന് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞിരുന്നു സാർ പുരസ്കാരത്തിനുള്ള ക്രൈറ്റീരിയ ചിലപ്പോൾ വോയിസ് ആയിരിക്കാം, ഞാൻ ഡബ്ബ് ചെയ്തിട്ടില്ലല്ലോ എന്ന്. അത് നമുക്ക് പ്ലാൻ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡബ്ബ് ചെയ്ത വേർഷൻ നാഷ്ണൽ അവാർഡിലേക്ക് അയക്കാം എന്നായിരുന്നു തീരുമാനം. പക്ഷേ എന്തൊക്കെയോ കാരണം കൊണ്ട് എനിക്ക് ആ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ സാധിച്ചില്ല. പിന്നീട് ആ സിനിമയുടെ യഥാർത്ഥ വേർഷൻ ആണ് അവർ മത്സരത്തിലേക്ക് അയച്ചത്. അങ്ങനെ എനിക്ക് ദേശീയ പുരസ്കാരം നഷ്ടമായി', പ്രിയാമണി പറഞ്ഞു.
പൃഥ്വിരാജ്, അനൂപ് മേനോൻ, പ്രിയാമണി, സംവൃത സുനിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് തിരക്കഥ. സിനിമയിലെ പ്രിയാമണിയുടെയും അനൂപ് മേനോന്റെയും പ്രകടനങ്ങൾക്ക് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.
Content Highlights: priyamani talks about how she missed national award