
നടൻ ബാലയ്യയുടെ സിനിമകൾ ഒരുകാലത്ത് ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. അഖണ്ഡ, ഡാകു മഹാരാജ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റുകളാണ്. ബാലയ്യയുടെ 100 കോടി ചിത്രമായിരുന്നു അഖണ്ഡ. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിംഗ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
ഹിമാലയത്തിലെ ഏറെ ആകര്‍ഷകമായ ചില ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ ഇതുവരെ വന്നിട്ടില്ലാത്ത കാഴ്ചകളാവും ഇതിലൂടെ അഖണ്ഡ 2 ല്‍ എത്തുക. ചിത്രത്തിന്‍റെ കാഴ്ചാനുഭവത്തിന് മിഴിവ് പകരുന്നതില്‍ ഇത് കാര്യമായ പങ്ക് വഹിക്കുമെന്നാണ് സംവിധായകന്‍റെ പ്രതീക്ഷ. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം അഖണ്ഡയുടെ സീക്വല്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ ഇതിനകം ഉയര്‍ത്തിയിരിക്കുന്നത്.
മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തില്‍ ബാലയ്യയുടെ നായികയായി എത്തുന്നത്. ആദി പിനിസെട്ടി ഒരു നെഗറ്റീവ് റോളിലും വരുന്നു. നിരവധി പാന്‍ ഇന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ എത്തുമെന്നാണ് വിവരം. 14 റീല്‍സ് പ്ലസിന്‍റെ ബാനറില്‍ രാം അചണ്ടയും ഗോപി അചണ്ടയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍റേതാണ് സംഗീതം. സെപ്റ്റംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
അതേസമയം, ബാലയ്യയുടെ അടുത്തിടെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഡാകു മഹാരാജ. ആഗോളതലത്തില്‍ 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഒടിടിയിൽ എത്തിയത്തിന് പിന്നാലെ ചിത്രത്തിന്റെ സ്വീകാര്യത വർധിക്കുകയും ചെയ്തിരുന്നു. കെ.ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.
Content Highlights: The locations of Balayya's Akhanda 2 are under discussion