ഒളിയമ്പ് എന്നൊന്നും പറയല്ലേ, ധ്യാൻ ശ്രീനിവാസനോട് അക്കാര്യത്തിൽ വിയോജിപ്പുണ്ട് എന്ന് മാത്രം;ജഗദീഷ്

"പണമിടപാട് സ്ഥാപനമാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ച് അറിയേണ്ട ധാര്‍മികമായ ഉത്തരവാദിത്തം നമുക്കുണ്ട്"

dot image

സിനിമാതാരങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമിങ് - വാതുവെപ്പ് ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി നടന്‍ ജഗദീഷ്. നേരത്തെ, ഓണ്‍ലൈന്‍ ഗെയ്മിങ് ആപ്പിനെ കുറിച്ചുള്ള ചോദ്യത്തോട് തനിക്ക് സാമൂഹ്യപ്രതിബദ്ധതയില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. ഈ അഭിപ്രായത്തോടാണ് ജഗദീഷ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ടായിരിക്കണമെന്നാണ് തന്റെ നിലപാടെന്നും ഇത് ധ്യാനിനെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമായി വ്യാഖ്യാനിക്കരുതെന്നും ജഗദീഷ് പറഞ്ഞു. പണമിട് സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ ഏതൊരു താരവും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിവാര്‍ എന്ന ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരുന്നു ധ്യാനിന്റെ നിലപാടിനെ കുറിച്ച് ജഗദീഷിനോട് ചോദ്യമുയര്‍ന്നത്.

'കലാകാരന് സാമൂഹ്യപ്രതിബദ്ധത വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു പരസ്യത്തിന്റെ കാര്യം വരുമ്പോള്‍ ഞാന്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന്, നല്ല രീതിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു പണമിടപാട് സ്ഥാപനത്തെ ഞാന്‍ എന്‍ഡോഴ്‌സ് ചെയ്താല്‍, നാളെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആളുകള്‍ എന്നെ കുറ്റപ്പെടുത്തും. ജഗദീഷ് പറഞ്ഞിട്ടാണ് ഞങ്ങള്‍ അതില്‍ പൈസ ഇട്ടത് എന്ന് അവര്‍ പറഞ്ഞേക്കാം. പണമിടപാട് സ്ഥാപനമാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ച് അറിയേണ്ട ധാര്‍മികമായ ഉത്തരവാദിത്തം നമുക്കുണ്ട്.

ധ്യാന്‍ ശ്രീനിവാസനെതിരെ ഒളിയമ്പുമായി ജഗദീഷ് എന്നൊരു തലക്കെട്ടില്‍ ഞാന്‍ ഈ പറഞ്ഞത് വാര്‍ത്തയാക്കരുത്. ഇക്കാര്യത്തില്‍ ധ്യാനിനോട് എനിക്ക് വിയോജിപ്പുണ്ട് എന്ന് രേഖപ്പെടുത്തിക്കൊള്ളു. എനിക്ക് വളരാന്‍ വഴിവെട്ടി തന്നെ ശ്രീനിവാസന്റെ മകനാണ് ധ്യാന്‍. ഞാന്‍ ഒരു സഹോദരനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്. ഇത് അദ്ദേഹത്തിനെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമായി കൊടുക്കരുത്,' ജഗദീഷ് പറഞ്ഞു.

ആപ്പ് കൈസേ ഹോ എന്ന സിനിമയുടെ പ്രസ്മീറ്റില്‍ വെച്ചായിരുന്നു ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന്റെ പരസ്യവുമായി ബന്ധപ്പെട്ട് ധ്യാനിനെതിരെ ചോദ്യമുയര്‍ന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്‍ എന്ന നിലയില്‍ ഇതുപോലെയുള്ള ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതിന്റെ കാരണം എന്താണ് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം.

സിഗരറ്റ് ആരോഗ്യത്തിന് ഹാനികരണമാണെന്നു പറഞ്ഞാണ് ഇവിടെ വില്‍ക്കുന്നത്, ഇത്തരം ആപ്പുകള്‍ പ്രശ്‌നമായി തോന്നുന്നവര്‍ അത് കളിക്കാതിരുന്നാല്‍ പോരേ എന്നായിരുന്നു ഇതിന് ധ്യാനിന്റെ മറുപടി.

'സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് ആരാണ് പറഞ്ഞത്. അങ്ങനെ ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെയില്ല. ഷാരൂഖ് ഖാന്‍ പാന്‍ മസാല പ്രമോട്ട് ചെയ്യുന്നു. അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കുമോ? നിങ്ങള്‍ക്ക് എന്നെ പരിചയമുള്ളതുകൊണ്ട് എന്നോടു ചോദിക്കുന്നു. സിഗരറ്റ് ആരോഗ്യത്തിന് ഹാനികരണമാണെന്നു പറഞ്ഞിട്ടാണ് ഇവിടെ വില്‍ക്കുന്നത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ. അങ്ങനെ പ്രശ്‌നമുള്ളവര്‍ ഇത് കളിക്കേണ്ട. ഇനി പൈസ പോയിട്ടുള്ള ആളുകളൊക്കെ ഞാന്‍ പൈസ കൊടുക്കാം,' എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍.

Content Highlights: Jagadish against Dhyan Sreenivasan on online betting app comment

dot image
To advertise here,contact us
dot image