
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. ഈ ചിത്രത്തെക്കുറിച്ച് നടൻ ലുക്മാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആലപ്പുഴ ജിംഖാന ഒരു അടിപടമല്ലെന്നും കോമഡി ചിത്രമാണെന്നുമാണ് ലുക്മാൻ പറയുന്നത്. പുതിയ ചിത്രമായ 'അതിഭീകര കാമുകന്റെ' പൂജ ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. 'അങ്ങനെ ഒരു അടിപടമല്ല, അങ്ങനെ ഒന്നും പ്രതീക്ഷിക്കല്ലേ. ഇതൊരു കോമഡി പടമാണ്. പിന്നെ ഇടി ഉണ്ടോ എന്ന് ചോദിച്ചാൽ ഇടി ഉണ്ടാകും,' എന്ന് ലുക്മാൻ പറഞ്ഞു. ചിത്രത്തിൽ താൻ ഒരു കോച്ചിന്റെ വേഷത്തിലാണ് എത്തുന്നതെന്നും നടൻ വ്യക്തമാക്കി.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Lukman talks about Alappuzh Gymkhana movie