
കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ലുക്ക് മാറ്റിപിടിച്ചുള്ള പൃഥ്വിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സസ്പെൻസ് പൊട്ടിച്ചിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. ഫോട്ടോ എഐ ആണെന്ന ഒരു ആരാധികയുടെ കമന്റിനു നൽകിയ മറുപടിയിലാണ് മല്ലിക സുകുമാരൻ ആ സസ്പെൻസ് വെളിപ്പെടുത്തിയത്. പൃഥ്വിയുടെ ഫോട്ടോ എഐ അല്ലെന്നും രാജമൗലി ചിത്രത്തിനായി പുറപ്പെടുകയാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. കാര്യങ്ങൾ അന്വേഷിക്കാതെ തർക്കിക്കരുതെന്നും എന്നോടു ചോദിച്ചു കൂടെയെന്നും മല്ലിക കുറിച്ചു.
ഇതോടെ രാജമൗലി ചിത്രത്തില്‍ തന്നെയാണ് പൃഥ്വി അടുത്തതായി അഭിനയിക്കുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്. മഹേഷ് ബാബു നായകനായി എത്തുന്ന സിനിമയിൽ വില്ലനായി പൃഥ്വിരാജ് എത്തുമെന്ന വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും അതിനെക്കുറിച്ച് അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ചര്‍ച്ചയായതിന് പിന്നാലെ മല്ലിക സുകുമാരന്‍ കമന്‍റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് അവസാനിച്ചു. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിന്റെ കാലിനു പരിക്ക് പറ്റുകയും തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തുവെക്കുകയും ചെയ്തിരുന്നു. ജി ആർ ഇന്ദുഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമായ എമ്പുരാൻ മാർച്ച് 27 ന് തിയേറ്ററിലെത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Mallika Sukumaran said that Prithviraj's next film will be with Rajamouli