
സംവിധായകൻ ദീപു കരുണാകരന്റെ പ്രസ്താവനയെ തള്ളി 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍' ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രകാശ് ഗോപാലൻ. അനശ്വര സിനിമയോട് നിസ്സഹകരണം കാണിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞു. സിനിമ റിലീസ് ചെയ്യാൻ പോകുന്നതേയുള്ളുവെന്നും ചിത്രീകരണ സമയത്ത് പോലും നടിയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യകത്മാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമ റിലീസ് ചെയ്യാൻ പോകുന്നതേയുള്ളു, പ്രമോഷൻ നടക്കാൻ ഇരിക്കുകയാണ് സിനിമയോട് ചിത്രീകരണ സമയത്ത് ഒന്നും അനശ്വര എന്റെ അറിവിൽ നിസ്സഹകരണം കാണിച്ചിട്ടില്ല. സിനിമയുടെ പോസ്റ്റർ ഫസ്റ്റ് ലുക്ക് കാർഡുകൾ സോഷ്യൽ മീഡിയയിൽ ഇടാൻ സാധിക്കാതിരുന്നത് അനശ്വരയുടെ ഇൻസ്റ്റഗ്രാം ആ സമയങ്ങളിൽ മൂന്ന് ദിവസം ടെക്നിക്കൽ പ്രശ്നങ്ങൾ നേരിട്ടത് കൊണ്ടാണ് എന്ന അറിയിച്ചിരുന്നതായാണ് എനിക്ക് മനസിലായത്. ദീപുവിന്റെ വ്യക്തിപരമായ കാര്യങ്ങളാണ് ദീപു അഭിപ്രായപ്പെട്ടത്. ഇപ്പോൾ ദീപു നടത്തിയ പരാമർശം അനവസരത്തിൽ ആയിപോയെന്നാണ് എന്റെ അഭിപ്രായം. ഇത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,' പ്രകാശ് പറഞ്ഞു.
'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍' സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച അനശ്വര സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ വന്നില്ലെന്നും ഫോൺ എടുത്തില്ലെന്നുമായിരുന്നു സംവിധായകൻ ദീപു കരുണാകരൻ പറഞ്ഞിരുന്നത്. മറ്റു സിനിമകളുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടി ഈ സിനിമയുടെ പോസ്റ്ററുകൾ പങ്കുവെക്കാതിരുന്നതിലും ദീപു പ്രതിഷേധം അറിയിച്ചിരുന്നു.
ഈ വിവാദങ്ങളോട് പ്രതികരിച്ച് നടി അനശ്വരയും രംഗത്ത് വന്നിരുന്നു. തന്റെ കരിയറിനെ ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് സംവിധായകന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇപ്പോഴും ഈ സിനിമയുടെ റിലീസ് തീയതി പോലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അനശ്വര പറഞ്ഞു. പ്രമോഷന് വരാന്‍ ഇപ്പോഴും തയ്യാറാണെന്നും ആ സിനിമയുമായുള്ള കരാറിലുപരി അത് തന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് താനെന്നും അനശ്വര രാജന്‍ പറഞ്ഞു. സിനിമയുടെ പോസ്റ്ററുകൾ പങ്കുവെച്ചിരുന്നെന്നും ആദ്യം പ്രഖ്യാപിച്ച റിലീസ് തിയതിയോട് അനുബന്ധിച്ച് പ്രമോഷൻ ഇന്റർവ്യൂ നൽകിയിരുന്നെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അനശ്വര വ്യക്തമാക്കി. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും നടി പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: 'Mr and Mrs Bachelor' producer Prakash Gopalan rejects director statement