
കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഇതിനിടെ ഒരു വയസ് പ്രായമുള്ള കുട്ടി 'മാര്‍ക്കോ' കാണുന്ന വീഡിയോ നടൻ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെ, ‘ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും വന്ന വീഡിയോ ആയിരുന്നു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടത്. ഈ പേജുമായി കൊളാബ് ചെയ്തുകൊണ്ടായിരുന്നു ഉണ്ണിയുടെ സ്റ്റോറി.
ഉണ്ണി മുകുന്ദനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ ടാഗ് ചെയ്തിരുന്നു.
ഈ സ്റ്റോറിക്ക് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഉണ്ണി മുകുന്ദന് നേരെ ഉയര്‍ന്നത്. പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണേണ്ട A സര്‍ട്ടിഫിക്കേറ്റ് ലഭിച്ച് ചിത്രം, ഒരു കൊച്ചുകുഞ്ഞ്
കാണുന്നതില്‍ നടന് പ്രശ്നം തോന്നുന്നില്ലേ എന്നായിരുന്നു ഒരു പക്ഷത്തിന്‍റെ വിമര്‍ശനം. മോസ്റ്റ് വയലന്‍റ് സിനിമ എന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം
കുട്ടികള്‍ കാണുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും ഇവര്‍ ചോദിക്കുന്നു.
കഴിഞ്ഞ വര്‍ഷം മലയാളത്തിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. എന്നാല്‍
അടുത്തിടെ സിനിമയ്ക്കെതിരെ മന്ത്രി ഗണേഷ് കുമാർ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരം സിനിമകൾക്ക് പ്രദർശനം അനുവദിച്ച സെൻസർ ബോർഡിനെയും മന്ത്രി വിമർശിച്ചിരുന്നു. ചോര തെറിപ്പിക്കുന്നതിനെ ഹരം പിടിക്കുംവിധം അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം.
Content Highlights: unni mukundan shared a video that a baby watching marco movie